പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സഹായി അറസ്റ്റില്‍
പത്തനംതിട്ടയില്‍ തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല നടക്കുമ്പോള്‍ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
അയല്‍ക്കാര്‍ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താല്‍ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതില്‍ ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്.
കഴിഞ്ഞ നാല് വര്‍ഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമിയുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. അതേസമയം, മയില്‍സ്വാമി മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് വീട്ടിലെ മറ്റൊരു സഹായിയായ ഭൂപതി വെളിപ്പെടുത്തി. മാനസിക പ്രശ്‌നങ്ങളുണ്ടായ ഇയാളെ നേരത്തെ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു. നേരത്തെ വിഷം കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തില്‍ വിഷം കുടിച്ച് കിടന്ന ഇയാളെ പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് ജീവന്‍ രക്ഷിക്കാനായതെന്നും ഭൂപതി പറഞ്ഞു.
ഇന്നലെ താന്‍ വീട്ടിലുണ്ടായിരുന്നില്ല. ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടില്‍ എത്തുകയായിരുന്നു. വാതിലില്‍ തട്ടിയപ്പോള്‍ മയില്‍സ്വാമി വന്നു വാതില്‍ തുറന്നു. അമ്മയെന്തേ എന്നു ചോദിച്ചപ്പോള്‍ മുറിയില്‍ ഉണ്ടെന്നായിരുന്നു മറുപടി. മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ ജാനകിയമ്മയെ കഴുത്തറുത്ത നിലയില്‍ കാണുകയായിരുന്നുവെന്നും ഭൂപതി പറഞ്ഞു. . മയില്‍സ്വാമി തനിച്ചാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന. മൂന്ന് മക്കളാണ് ജാനകിക്കുള്ളത്. ഇവര്‍ വിശാഖപട്ടണത്തും മറ്റുമായാണ് താമസിക്കുന്നത്. മക്കള്‍ അടുത്തില്ലാത്തതിനാലാണ് അമ്മയ്ക്ക് വേണ്ടി സഹായികളെ ഏര്‍പ്പാടാക്കിയത്.