ഭിന്നശേഷിക്കാര്‍ക്ക് സഹായ ഹസ്തവുമായി സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഹലോ ഫ്രണ്ട്‌സ്
ജേക്കബ് മാളിയേക്കല്‍
സൂറിച്ച്: യൂറോപ്പിലെ അറിയപ്പെടുന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പുതിയ സേവന പദ്ധതി ‘സ്‌നേഹ സ്പര്‍ശം’ അവതരിപ്പിച്ചു. ഇതിന് മുന്‍പ് സ്വപ്നക്കൂട് എന്ന പദ്ധതിയുമായി സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിച്ച കൂട്ടായ്മക്ക് വിവിധ ഭാഗങ്ങളില്‍ നിന്നും സുമനസ്സുകള്‍ നിര്‍ലോഭം പിന്തുണ നല്‍കി വരുന്നു.
ലോക പ്രശസ്ത മജീഷ്യനും സാമൂഹ്യപ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റുമായി സഹകരിച്ചാണ് സ്‌നേഹസ്പര്‍ശം പ്രവര്‍ത്തിക്കുക. മഹാമാരിക്കാലത്ത് മാജിക് പ്ലാനറ്റ് അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാരെ ഒരു കൈ സഹായിക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് ഹലോ ഫ്രണ്ട്‌സ് സ്‌നേഹസ്പര്‍ശം പദ്ധതി പ്രവര്‍ത്തിക്കുക.നല്ലവരായ സ്വിസ് മലയാളികളുടെ സഹകരണവും കരുതലും അഭ്യര്‍ത്ഥിക്കുന്നതായി അഡ്മിന്‍ ടോമി തൊണ്ടാംകുഴിയും, പ്രോജക്ട് ചീഫ് കോഓര്‍ഡിനേറ്റര്‍ ആയ വിന്‍സെന്റ് പറയംനിലവും, കോഓര്‍ഡിനേറ്റര്‍ ജെയിംസ് തെക്കേമുറിയും സംയുക്തമായി അറിയിച്ചു.
ജാലവിദ്യയുടെ ലോകത്തേക്ക് ഭിന്നശേഷിക്കാരെ കൈപിടിച്ച് അവര്‍ക്ക് മാനസിക വളര്‍ച്ച നല്‍കാന്‍ ലക്ഷ്യമിട്ടുള്ള മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിവച്ച പദ്ധതിയോട് സഹകരിച്ചാണ് ഹലോ ഫ്രണ്ട്‌സ് സ്‌നേഹസ്പര്‍ശം പ്രവര്‍ത്തിക്കുക. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൌണ്‍ സിന്‍ഡ്രോം തുടങ്ങിയവ ബാധിച്ച കുട്ടികളും തെരുവ് മന്ത്രികരുമാണ് നിലവില്‍ മാജിക് പ്ലാനറ്റില്‍ ഉള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ (സി.ഡി.സി) നേതൃത്വത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇവിടേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
സി.ഡി.സി നടത്തിയ പഠനത്തില്‍ ജാലവിദ്യ കാണിക്കുന്നതിലൂടെ മറ്റുള്ളവരില്‍ നിന്നും കിട്ടുന്ന പ്രോത്സാഹനം ഭിന്നശേഷിയുള്ള കുട്ടികളില്‍ വലിയതോതിലുള്ള മാനസിക വളര്‍ച്ച ഉണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇവിടെ അന്തേവാസികളായ കുട്ടികളുടെ ഉപജീവനമാര്‍ഗ്ഗമാണ് മഹാമാരിയില്‍ പൊലിഞ്ഞത്. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ വീടുകളില്‍ തിരികെ എത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതും ശ്രദ്ധയില്‍ പെട്ടിരുന്നു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടേണ്ടവരല്ല മറിച്ച് കരുതലും തണലും നല്‍കി നമ്മളോടൊപ്പം നിര്‍ത്തേണ്ടവരാണ് ഭിന്നശേഷിക്കാരെന്നുള്ള ഉറച്ച വിശ്വാസമാണ് ഹലോ ഫ്രണ്ട്‌സിനെ ഈ പദ്ധതി തുടങ്ങുവാന്‍ പ്രേരിപ്പിച്ചത്.
ഹലോ ഫ്രണ്ട്‌സ് സ്‌നേഹസ്പര്‍ശം ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹലോ ഫ്രണ്ട്‌സ് ഗവേണിങ് ബോഡിയുമായി ബന്ധപ്പെടുക.