യുവാക്കള്‍ക്ക് വിവാഹത്തിലും കുട്ടികളിലും താല്‍പര്യമില്ല ; പ്രതിസന്ധിയില്‍ കൊറിയ

രാജ്യത്തെ ജനനനിരക്ക് ഓരോ വര്‍ഷവും കുറഞ്ഞു വരുന്നതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നത്. 2020ന്റെ രണ്ടാം പാദത്തിലെ കണക്കുകള്‍ അനുസരിച്ച് 0.84 ആണ് ദക്ഷിണ കൊറിയയിലെ ജനനനിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണിത്. ഇങ്ങനെ തുടര്‍ന്നാല്‍ വളരെ സങ്കീര്‍ണ്ണമായ സാമൂഹിക പ്രതിസന്ധികള്‍ രാജ്യഓ നേരിടേണ്ടി വരും. രാജ്യത്തിന്റെ നിലനില്‍പ്പിനെയും ഇത് ബാധിക്കും. രാജ്യത്തെ സാമ്പത്തികാവസ്ഥയാണ് വിവാഹം, കുട്ടികള്‍ എന്നിവ വേണ്ടെന്നു വയ്ക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന.

സാമ്പത്തികാവസ്ഥ നേരെയാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെങ്കിലും അവയൊന്നും തന്നെ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. വിവാഹവും കുട്ടികളും ജീവിത ചിലവ് ഉയര്‍ത്തുമെന്നും ഇത് ദാമ്പത്യബന്ധം തകര്‍ക്കുമെന്നും യുവജനങ്ങള്‍ ഭയക്കുന്നു. ഇതുകൂടാതെ, വിവാഹം സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നു എന്ന ഫെമിനിസ്റ്റ് ചിന്താഗതികളും പെണ്‍കുട്ടികള്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നതിന് കാരണമായി മാറുന്നുണ്ട്. അതേസമയം, മറ്റൊരു ഭാഗത്ത് ജനനനിരക്ക് ഉയര്‍ത്താന്‍ അഞ്ചു കോടി ജനങ്ങള്‍ക്കായി പലതരം പദ്ധതികളും ഇളവുകളും പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. ഗര്‍ഭ സമയത്തെ ചിലവുകള്‍, പാരന്റല്‍ ചിലവ് എന്നിവയാണ് അതില്‍ ചിലത്. ഡേറ്റിംഗ് ചെയ്യാന്‍ തയാറായവര്‍ക്ക് മാത്രമുള്ള കോഴ്‌സുകള്‍ക്ക് സര്‍വകലാശാലകള്‍ തുടക്കമിട്ടതും വാര്‍ത്തയായിരുന്നു.