ഭക്ഷണവും ലൈംഗികതയും പാപമല്ല ; രണ്ടും ദൈവികമായ സന്തോഷങ്ങള്‍’: ഫ്രാന്‍സിസ് മാര്‍പാപ്പ

രുചികരമായ ഭക്ഷണം കഴിക്കുന്നതും ലൈംഗികത ആസ്വദിക്കുന്നതും പാപമല്ലെന്നും രണ്ടും ദൈവികമായ സന്തോഷങ്ങള്‍ ആണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റ് ആനന്ദങ്ങള്‍ പോലെ തന്നെ ഇവ രണ്ടും ദൈവത്തില്‍ നിന്നും നമുക്ക് ലഭിച്ച സമ്മാനങ്ങളാണെന്നും മാര്‍പ്പാപ്പ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ എഴുത്തുകാരനായ കാര്‍ലോ പെട്രിനിയുമായുള്ള അഭിമുഖത്തിലാണ് മാര്‍പ്പാപ്പ ഇതേക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

”ആനന്ദം ദൈവത്തില്‍ നിന്ന് നേരിട്ട് വരുന്നതാണ്. അത് കത്തോലിക്കരെന്നോ ക്രിസ്ത്യാനിയെന്നോ മറ്റെന്തെങ്കിലുമാണോ എന്ന വ്യത്യാസമില്ല. അത് തികച്ചും ദൈവികമാണ്.’ ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പെട്രിനിയുടെ ‘ടെറഫ്യൂചുറ’ എന്ന പുസതകത്തില്‍ പറയുന്നു. ഭക്ഷണത്തിന്റെ ആനന്ദവും ലൈംഗിക സുഖവും ദൈവത്തില്‍ നിന്നാണ് ലഭിക്കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കുന്നു.

ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ആരോഗ്യകരമാകുന്നു. അതുിപോലെ ലൈംഗിക സുഖം പ്രണയത്തെ മനോഹരമാക്കുന്നു. അത് ജീവി വര്‍ഗത്തിന്റെ നിലനില്‍പിന് ഉറപ്പുനല്‍കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു. അമിതമായ ധാര്‍മികതയ്ക്ക് ഇപ്പോള്‍ സഭയില്‍ സ്ഥാനമില്ലെന്നും ഇതിനെ എതിര്‍ക്കുന്ന കാഴ്ചപ്പാടുകള്‍ ഈ ചരിത്രത്തില്‍ പലപ്പോഴും ദേഷം വരുത്തിയിട്ടുണ്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വരഹിതവും ക്രൂരവും അശ്ലീലവുമായ ആനന്ദത്തെ സഭ അപലപിക്കുന്നുണ്ടെങ്കിലും മറുവശത്ത് മനുഷ്യത്വപരവും ധാര്‍മികവുമായ ആനന്ദത്തെ ഉള്‍ക്കൊള്ളണമെന്നും മാര്‍പാപ്പ പറഞ്ഞു.