സ്വര്‍ണക്കടത്ത് കേസ്: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ 9.30 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ ആദ്യമായാണ് കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് മന്ത്രി കെ.ടി ജലീലിനെ വിളിച്ച് വരുത്തുകയായിരുന്നെന്നാണ് വിവരം. അതേസമയം മന്ത്രിയെ ചോദ്യം ചെയ്തത് സ്ഥിരീകരിക്കാന്‍ കേരളത്തിലെ ഇ.ഡി വൃത്തങ്ങള്‍ തയാറായിട്ടില്ല. ഇതിനു പിന്നാലെ ഡല്‍ഹിയില്‍ നിന്നാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.
ജലീല്‍ തിരുവനന്തപുരത്ത് ഇല്ലെന്ന് മന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. രാവിലെ മുതല്‍ മന്ത്രിയെ ഫോണിലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഉച്ചയോടെ മന്ത്രിയുടെ ഫോണ്‍ റിംഗം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഉച്ചയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നാണ് അനുമാനം. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ മൊഴിയെടുത്തേക്കും. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും കോണ്‍സുലേറ്റില്‍ നിന്നും കൈപ്പറ്റിയെന്ന ആരോപണവും ഉയര്‍ന്നു വന്നത്.
അതേസമയം മതഗ്രന്ഥങ്ങളെന്ന പേരില്‍ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയെ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മതഗ്രന്ഥങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന നടപടിയും കസ്റ്റസ് സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു.