ജോസ് കെ മാണിക്ക് രണ്ടില ചിഹ്‌നം ; ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ജോസ് കെ മണിയുടെ രണ്ടില സ്വപ്നങ്ങള്‍ക്ക് കോടതിയുടെ തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി. ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ.
വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് പി. ജെ ജോസഫ് ഹര്‍ജി നല്‍കിയത്. കെ എം മാണിയുടെ മരണത്തെത്തുടര്‍ന്ന് യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരെന്ന തര്‍ക്കം നിലനില്‍ക്കെ കഴിഞ്ഞയാഴ്ചയാണ് രണ്ടില ചിഹ്നം ജോസ് കെ മാണി പക്ഷത്തിനു നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്. കമ്മീഷണര്‍ അശോക് ലവാസയുടെ വിയോജനക്കുറിപ്പോടെയായിരുന്നു തീരുമാനം.
രണ്ടില അനുവദിച്ചത് കമ്മീഷനിലെ ഒരംഗത്തിന്റെ എതിര്‍പ്പ് മറികടന്നാണെന്നും വസ്തുതകളും തെളിവുകളും പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ. മാണിക്ക് അനുകൂലമായിരുന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം താല്‍കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും.