അമേരിക്ക നടുങ്ങിയ ആ ഭീകരദിനത്തിന് ഇന്ന് 19 വയസ്

അമേരിക്ക എന്ന ലോകത്തിലെ ഒന്നാമന്‍ എന്ന വിളിപ്പേരുള്ള രാജ്യം വിറങ്ങലിച്ച മണിക്കൂറുകള്‍ക്ക് ഇന്ന് 19 വയസ് തികഞ്ഞു. അല്‍ ഖ്വയ്ദയും ഒസാമ ബിന്‍ ലാദനും ലോകരാജ്യങ്ങളുടെ പേടിസ്വപ്നമായി മാറിയ ദിനം. 2001 സെപ്തംബര്‍ 11 മൂവായിരത്തിലേറെപേര്‍ ജീവന്‍ വെടിഞ്ഞ ആറായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റ അമേരിക്കയുടെ ലോക പോലീസ് എന്ന അമിത വിശ്വാസത്തിന് അടിയേറ്റ ദിനം.

സെപ്തംബര്‍ 11ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലാണ് 10 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ നാല് യുഎസ് പാസഞ്ചര്‍ വിമാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്നത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ മാന്‍ഹട്ടനിലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ട്വിന്‍ ടവറുകളില്‍ ഇടിച്ചു തകര്‍ത്തു. മൂന്നാം വിമാനം പതിച്ചത് സൈനിക തന്ത്രപ്രധാന മേഖലയായ പെന്റഗണിലേക്കാണ്. സൈനിക വിമാനങ്ങള്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അവസാന വിമാനം ഒരു മൈതാനത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അതിനു പിന്നാലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായിരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആദ്യ ടവര്‍ നിലം പതിച്ചു. പിന്നാലെ രണ്ടാമത്തെ ടവറും. ഈ ആഘാതത്തില്‍ ചുറ്റുവട്ടത്തുള്ള മറ്റ് കെട്ടിടങ്ങളും തകര്‍ന്നു. തീവ്രവാദ സംഘടനയായ അല്‍ ക്വയിദയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ പകുതി സേനയും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചു. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ബിന്‍ ലാദന്റെ തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.

തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ 2011 മെയ് 2ന് പാകിസ്താനില്‍ ബിന്‍ലാദന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെ അന്ന് പ്രസിഡന്റായിരുന്ന ഒബാമയുടെ ഉത്തരവ് പ്രകാരം ഒരു സംഘം രഹസ്യമായി താവളത്തിലെത്തി ബിന്‍ലാദനെ കൊലപ്പെടുത്തി. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ 9/11 ന്റെ ഓര്‍മയ്ക്കായി ന്യൂയോര്‍ക്കില്‍ ഒരു മ്യൂസിയം തുറന്നിട്ടുണ്ട്.

 

അതേസമയം ആക്രമണത്തിന് പിന്നില്‍ തീവ്രവാദികള്‍ അല്ല അമേരിക്കന്‍ സര്‍ക്കാര്‍ തന്നെയാണ് എന്ന് വാദിക്കുന്നവരും ഉണ്ട്. ലോകത്തിലെ പ്രമുഖരായ ആളുകള്‍ അടക്കം പൊതുവായി ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ ഗവന്മേന്റ്‌റ് ചുമതലപ്പെടുത്തിയവരോ അല്ലെങ്കില്‍ അമേരിക്കന്‍ ചാര ഏജന്‍സികളോ ആണെന്ന ശക്തമായ വാദം മുന്നോട്ടു വെക്കുകയുണ്ടായി. ഇവയെ മൊത്തത്തില്‍ വിളിക്കാനുപയോഗിക്കുന്ന പേരാണ് സെപ്റ്റംബര്‍ 11 ഗൂഢാലോചന സിദ്ധാന്തം. വ്യക്തമായ പല തെളിവുകളോടെ തന്നെയാണ് ഇവരില്‍ പലരും ഈ വാദങ്ങള്‍ മുന്നോട്ടു വെക്കുന്നത്.

ഇവരില്‍ രാഷ്ട്രീയ പ്രമുഖര്‍ മുതല്‍ എന്ജിനീയറിംഗ് വിദഗ്ദരും വൈമാനിക വിദഗ്ദരും വരെ ഉണ്ട്. ഒട്ടനവധി പുസ്തകങ്ങളും ഈ വിഷയത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ ഗവണ്മെന്റിനു പോലും ഇവരുടെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കൊടുക്കാന്‍ സാധിച്ചിട്ടില്ല. ടവറുകളില്‍ വിമാനം ഇടിച്ചത് മുതല്‍ കെട്ടിടം തകര്‍ന്നതും അടക്കം ഓരോ വിഷയത്തിലും ദുരൂഹതകള്‍ ഉണ്ടെന്നു ഈ സിദ്ധാന്തക്കാര്‍ അവകാശപ്പെടുന്നു. അമേരിക്കയിലെ തന്നെ വലിയൊരു വിഭാഗം ജനങ്ങളും ഇതൊരു ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നു.