ജലീലെത്തിയത് ആലപ്പുഴയിലെ വ്യവസായിയുടെ സ്വകാര്യവാഹനത്തില്‍ ; രാജി ആവശ്യം ശക്തം
ഇന്നലെ ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി ജലീല്‍ എത്തിയത് സ്വകാര്യവാഹനത്തിലാണെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം ജലീല്‍ സ്വകാര്യ വാഹനത്തില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടു. ആലപ്പുഴയിലെ വ്യവസായി അനസിന്റെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തിയത്. രാവിലെ 9നും പത്ത് മണിക്കും ഇടയിലായിട്ടായിരുന്നു ഇത്.
എറണാകുളത്ത് എംജി റോഡിന് സമീപമുള്ള മുല്ലശ്ശേരി കനാല്‍ റോഡിലാണ് ഇഡി ഓഫീസ്. ഇതിന് തൊട്ടടുത്ത തുണിക്കടയിലെ സിസിടിവിയിലാണ് അനസിന്റെ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. രാവിലെ സുഹൃത്തും വ്യവസായിയും ആയ അനസിന്റെ വീട്ടിലേക്ക് മന്ത്രി ഔദ്യോഗിക വാഹനത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് അനസിന്റെ സ്വകാര്യ വാഹനത്തില്‍ മുല്ലശ്ശേരി റോഡിലുള്ള ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് പോയി. ചോദ്യം ചെയ്യലിന് ശേഷം അനസിന്റെ വാഹനത്തില്‍ തിരിച്ചു പോയി. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഔദ്യോഗിക വാഹനത്തില്‍ മലപ്പുറം വളാഞ്ചേരിയിലുള്ള വീട്ടിലേക്ക് മടങ്ങി.
അതേസമയം കെടി ജലീലിന്റെ രാജി ആവശ്യം ശക്തമാകുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ പലയിടത്തും സംഘര്‍ഷത്തിലാണ് കലാശിച്ചത്. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. കെടി ജലീലിനെ മുഖ്യമന്ത്രിയാണ് സംരക്ഷിക്കുന്നതെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. സെക്രട്ടറിയേറ്റിലേക്കും വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.തോരാതെ പെയ്യുന്ന മഴ വകവയ്ക്കാതെ കനത്ത പ്രതിഷേധമാണ് സംസ്ഥാനമൊട്ടാകെ നടക്കുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റിനു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി.