ക്വറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍ ; സംഭവം കണ്ണൂരില്‍

കണ്ണൂരില്‍ വിദേശത്തു നിന്നെത്തി ക്വറന്റീനില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയില്‍. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്‌ലറ്റിനുള്ളില്‍ കഴുത്ത് മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റില്‍ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്റീനില്‍ കഴിയുകയായിരുന്നു.

ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോള്‍ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയില്‍ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നല്‍കുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രവീന്ദ്രന്‍-ശകുന്തള എന്നിവരാണ് ശരത്തിന്റെ മാതാപിതാക്കള്‍. സഹോദരന്‍ ഷാരോണ്‍.