ഗുസ്തി താരത്തിനെ തൂക്കിലേറ്റി ; ഇറാനില്‍ വന്‍ പ്രതിഷേധം
ലോക സൂപ്പര്‍ ഗുസ്തി ചാമ്പ്യന്‍ നവീദ് അഫ്കാരിയെ തൂക്കിലേറ്റിയ സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം കനക്കുന്നു. ജലവിതരണ കമ്പനിയിലെ സുരക്ഷാ ഗാര്‍ഡായിരുന്ന ഹസന്‍ തുര്‍ക്ക്മാനെ കുത്തികൊന്ന കേസിലാണ് നവീദിനെ തൂക്കിലേറ്റിയത്. 2018ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് തുര്‍ക്ക്മാനെ കൊല്ലപ്പെട്ടത്. ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സൂപ്പര്‍ താരമായിരുന്ന നവീദിനെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കിയ ഇറാനെ ലോക കായിക വേദിയില്‍ നിന്നും വിലക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
ഇതാവശ്യപ്പെട്ട് 85,000 കായിക താരങ്ങളുടെ കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ ലോകത്താകമാനമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും കായിക താരങ്ങളും രംഗത്തെത്തിയിരുന്നു. ഇതിനിടെ, നവീദിന്റെ കുറ്റസമ്മത വീഡിയോയും ഇറാന്‍ പുറത്തുവിട്ടിരുന്നു. ഇതേകേസില്‍ നവീദിന്റെ സഹോദരങ്ങളായ വഹീദും ഹബീബും യഥാക്രമം 54 വര്‍ഷവും 27 വര്‍ഷവും ശിക്ഷ അനുഭവിച്ചുവരികയാണ്. ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും കായികതാരങ്ങളുടെ അപേക്ഷ തള്ളിയ ഇറാന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി പ്രതികരിച്ചു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭീകരമായ അവസ്ഥയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു.