സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് പൊലീസ്

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി ഡല്‍ഹി പൊലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. അതുപോലെ യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഡല്‍ഹി കലാപ കേസില്‍ സീതാറാം യെച്ചൂരിയെ പ്രതിചേര്‍ത്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല പ്രൊഫ. അപൂര്‍വാനന്ദ്, സംവിധായകന്‍ രാഹുല്‍ റോയ് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് വാര്‍ത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.