ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ശ്രീശാന്ത്

ഏഴ് വര്‍ഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. വിലക്ക് അവസാനിച്ചതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ശ്രീശാന്ത് വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തില്‍ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.

‘ഞാന്‍ യാതൊരു വിലക്കും ഇപ്പോള്‍ നേരിടുന്നില്ല, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനത്തെ ഇനി പ്രതിനിധീകരിക്കും. ഞാന്‍ പന്തെറിയുന്ന ഓരോ പന്തിനും എന്റെ ഏറ്റവും മികച്ചത് നല്‍കും.’, ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

ആഭ്യന്തര ക്രിക്കറ്റില്‍ ഒരു തിരിച്ചുവരവിനായി കുറച്ചു കാലമായി താരം പരിശീലനത്തിലായിരുന്നു. കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ കളിക്കുന്ന ഏത് ടീമിനും ഏറ്റവും മികച്ചത് നല്‍കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ഇന്ത്യക്ക് വേണ്ടി ശ്രീശാന്ത് കരിയറില്‍ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 87 ഉം ഏകദിനത്തില്‍ 75 ഉം വിക്കറ്റ് നേടിയ താരം ടി 20 മത്സരങ്ങള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു.