സ്വപ്നയും റമീസും ഒരേ സമയം ആശുപത്രിയില്‍..? റിപ്പോര്‍ട്ട് തേടി ജയില്‍ വകുപ്പ്

വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി. നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്ന സുരേഷിനും വയറുവേദനയ്ക്ക് കെ.ടി. റമീസിനും ആശുപത്രിയില്‍ ഒരേസമയം ചികിത്സ നല്‍കിയത് വിവാദമായിരുന്നു. വിയ്യൂര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറോടാണ് ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

ഇരുവരുടേയും ആശുപത്രിവാസം സംബന്ധിച്ച് പല ആരോപനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ജയില്‍ മേധാവി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇത് രണ്ടാമത്തെ പ്രാവശ്യമാണ് സ്വപ്നയെ ആശുപത്രിയിലേക്ക് പ്രവേശിച്ചത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള ശാരീരികാസ്വാസ്ത്യമായിരുന്നു സ്വപ്നയ്ക്ക് ഉണ്ടായിരുന്നതെന്നും ഇസിജിയില്‍ നേരിയ വ്യത്യാസമാണ് ഉണ്ടായിരുന്നതെന്നും അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ശേഷം 6 ദിവസത്തെ ചികിത്സകഴിഞ്ഞാണ് ഇവര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയത്.

വീണ്ടും നെഞ്ചുവേദനയാണെന്നും പറഞ്ഞാണ് ഈ രാത്രി സ്വപ്നയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടയില്‍ ആദ്യം സ്വപ്ന ആശുപത്രിയില്‍ അഡ്മിറ്റായപ്പോള്‍ നിരവധി ഫോണ്‍കോളുകള്‍ ചെയ്തിരുന്നുവെന്നും പല ഉന്നതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെ നര്‌സുമാരുടെ ഫോണില്‍ നിന്നാണ് സ്വപ്ന ഉന്നതന്മാരുമായി ബന്ധപ്പെട്ടത് എന്നും ആരോപണം ഉയരുന്നുണ്ട്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഉന്നതരുമായിട്ടാണ് ഇവര്‍ ഫോണില്‍ സംസാരിച്ചത്. അതേസമയം സ്വപ്നയ്ക്ക് പിന്നാലെ റമീസിനേയും ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്, വയറുവേദനയെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് ഇയാളെ പ്രവേശിപ്പിച്ചത്.