ദിലീപ് സാക്ഷിയെ കൂറുമാറാന്‍ പ്രേരിപ്പിച്ചു ; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയന്‍ ആയ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ് പ്രോസിക്യൂഷന്റെ ആക്ഷേപം. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൊച്ചിയിലെ വിചാരണക്കോടതിയിലാണ് വാദം നടക്കുന്നത്.

കേസില്‍ നേരത്തെ ഒന്നുരണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രധാന സാക്ഷിയെ കൂടി ദിലീപ് സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെന്നിസ് ക്ലബിലെ ജീവനക്കാരനെ കൂറുമാറ്റാന്‍ ദിലീപ് ശ്രമിച്ചു. അങ്ങനെയെങ്കില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നു.

കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് ഹാജരായിട്ടുണ്ട്. ദിലീപിനെ പള്‍സര്‍ സുനിയിലേക്ക് എത്തിച്ചത് മുകേഷാണ്. മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. അങ്ങനെയാണ് പള്‍സര്‍ സുനി ദിലീപുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാകും മുകേഷിനോട് ചോദിക്കുക. പ്രോസിക്യൂഷന്‍ വിസ്താരമാണ് ഇന്ന് നടക്കുന്നത്. മറ്റ് സാക്ഷികളുടെ വിസ്താരം 17ന് നടക്കും.

കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ 44 സാക്ഷികളുടെ വിസ്താരമാണ് പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിരിക്കുന്നത്. ജനുവരിയ്ക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയാനാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.