മന്ത്രി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി ; ഇനിയും ചോദ്യം ചെയ്യും

കെ.ടി ജലീലിലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറി. മന്ത്രിയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡല്‍ഹിലേക്ക് കൈമാറിയത്. ഇനി ഡല്‍ഹിയിലെ ഡയറക്ടറാണ് ഇത് സംബന്ധിച്ച അവസാന വിധി പറയേണ്ടത്.

പ്രധാനമായും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് മന്ത്രി വിശദാംശങ്ങള്‍ നല്‍കിയത് എന്നാണ് അറിയുന്നത്. ഖുര്‍ആന്‍ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു വിശദീകരണം നല്‍കണം എന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എഴുതി തയ്യാറാക്കിയ ഒരു കത്ത് മന്ത്രി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ മറുപടി വിശമായി പരിശോധിച്ച ശേഷം ഇതില്‍ വ്യക്തത വരുത്താനായി ഇ.ഡി മന്ത്രിയുമായി സംശയങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്.

അതേസമയം നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ ജലീലിന് എതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ജലീലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യും. കൂടാതെ ലൈഫ് മിഷന്‍ വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും അന്വേഷണ പരിധിയിലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ വ്യക്തമാക്കി.

ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് തുടര്‍ച്ചയായി രണ്ട് ദിവസമാണെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മന്ത്രിയെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനേയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 മുതല്‍ രാത്രി 11.30 വരെയായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യല്‍. പിന്നീട് തൊട്ടടുത്ത ദിവസം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1.40 വരെയും ചോദ്യം ചെയ്തു. നയതന്ത്ര പാഴ്സല്‍ വഴി മത ഗ്രന്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്തത് കൂടാതെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. വരവില്‍ കൂടുതല്‍ സ്വത്ത് മന്ത്രി സമ്പാദിച്ചിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്റ് അറിയാന്‍ ശ്രമിച്ചത്.