സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി ; ഫോണ്‍ നല്‍കിയിട്ടില്ലെന്ന് നഴ്‌സുമാര്‍

സ്വര്‍ണക്കടത്തുകേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം വനിത പൊലീസുകാരുടെ സെല്‍ഫി. സിറ്റി പൊലീസിലെ ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സെല്‍ഫി എടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള സ്വപ്നയ്ക്ക് സുരക്ഷ ഒരുക്കിയവരാണ് സെല്‍ഫി എടുത്തത്. സെല്‍ഫി പുറത്തുവന്നതോടെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. വനിത ഉദ്യോഗസ്ഥരെ താക്കീത് ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ നടപടി ഉണ്ടായേക്കും. കൗതുകത്തിന് സെല്‍ഫി എടുത്തതാണെന്നും വഴിവിട്ട സൗഹൃദം ഇല്ലായെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ സ്വപ്ന സുരേഷ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരുടെ മൊഴി നല്‍കി. പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമാണ് സ്വപ്നയെ കണ്ടതെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി. ഡ്യൂട്ടി നഴ്‌സിന്റെ ഫോണില്‍ നിന്നും സ്വപ്ന ഉന്നതരെ ഫോണില്‍ ബന്ധപ്പെട്ടുവെന്ന വിവാദത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ശുചീകരണ തൊഴിലാളികളെ പ്രവേശിപ്പിച്ചതും പൊലീസ് സാന്നിധ്യത്തിലാണെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ജയില്‍ വകുപ്പിന് കൈമാറും. ജയില്‍ വകുപ്പ് കോടതിയേയും അന്വേഷണ ഏജന്‍സികളെയും വിവരം അറിയിക്കും. അതേസമയം, നെഞ്ചുവേദനയെ തുടര്‍ന്ന് സ്വപ്ന സുരേഷിനെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയയാക്കും. രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് അറിയുന്നതിനാണ് പരിശോധന. സ്വര്‍ണക്കടത്തുകേസിലെ മറ്റൊരു പ്രതി കെ ടി റമീസിന്റെ എന്‍ഡോസ് കോപ്പി പരിശോധനയും ഇന്ന് നടക്കും. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു പ്രതികളെയും ഒരുമിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹത ഉണ്ട് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.