ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഈ മാസം 30 ന്
ബാബ്റി മസ്ജിദ് പൊളിച്ച് 27 വര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ സെപ്റ്റംബര്‍ 30 നകം വിധി പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി പ്രത്യേക കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതി സ്ഥാനത്തുള്ള എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരോട് പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നേരത്തെ പ്രത്യേക കോടതിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.ഇതേത്തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജി എസ് കെ യാദവ് സമര്‍പ്പ്ച്ച റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, നവീന്‍ സിന്‍ഹ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് ഒരു മാസത്തെ കൂടി സാവകാശം അനുവദിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി ഓഗസ്റ്റ് 19 ന് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലാണെന്നും, ലോക്ഡൗണ്‍ അടക്കമുള്ള കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്തംബര്‍ 30 വരെ വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കാന്‍ സമയം നീട്ടിനല്‍കുകയായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തത്.