പുതിയ പാര്‍ലമെന്റ് മന്ദിര ലേലത്തില്‍ വിജയിച്ച് ടാറ്റ

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള ലേലത്തില്‍ ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡിന് വിജയം. 861.90 കോടി രൂപയ്ക്കാണ് ടാറ്റ ലേലത്തില്‍ വിജയിച്ചത്. ടാറ്റ 861.90 കോടി രൂപ ലേലത്തുകയായി സമര്‍പ്പിച്ചപ്പോള്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ലിമിറ്റഡ് 865 കോടി രൂപയാണ് ലേലത്തുകയായി സമര്‍പ്പിച്ചത്.

ന്യൂഡല്‍ഹിയുടെ സെന്‍ട്രല്‍ വിസ്ത വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം അവസാനിച്ചു കഴിഞ്ഞാല്‍ പണി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ ആണ് ഉള്‍പ്പെടുത്തുക. ഗുജറാത്ത് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ എച്ച് സി പി ഡിസൈന്‍സ് സെന്‍ട്രല്‍ വിസ്തയുടെ വികസനത്തിനുള്ള കണ്‍സള്‍ട്ടന്‍സി ലേലം ഇതിനകം നേടിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് നവീകരണം പ്രഖ്യാപിച്ചത്. 900 മുതല്‍ 1200 എം.പിമാര്‍ക്ക് വരെ ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ ത്രികോണ പാര്‍ലമെന്റ് കെട്ടിടം വിഭാവനം ചെയ്യുന്നത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022 ഓഗസ്റ്റില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കാനാണ് തീരുമാനം.