ഡല്‍ഹിയിലെ 33 ശതമാനം പേരിലും കൊറോണ ആന്റിബോഡി രൂപപ്പെട്ടതായി സര്‍വേ

ഡല്‍ഹിയില്‍ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സര്‍വ്വേ വിവരങ്ങള്‍. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയില്‍ നടത്തിയ സിറോളജിക്കല്‍ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ് ബാധിച്ചെന്നും രോഗമുക്തിക്കുശേഷം ശരീരത്തില്‍ ആന്റിബോഡികള്‍ രൂപപ്പെട്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

17,000 സാംപിളുകള്‍ പരിശോധിച്ചുള്ള മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. അന്തിമഫലം അടുത്തയാഴ്ച പുറത്തുവിടും. റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. കൊറോണ പടര്‍ന്നു പിടിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സെറോപ്രൊവലന്‍സാണിതെന്നാണ് വ്യക്താമാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ നടത്തിയ രണ്ടാം സിറോ സര്‍വേയില്‍ 29.1% ജനങ്ങള്‍ക്കും ആന്റിബോഡികള്‍ ഉണ്ടെന്നു വ്യക്തമായി. ജൂണ്‍ അവസാനം മുതല്‍ ജൂലൈ ആദ്യം വരെ നടത്തിയ ആദ്യ സിറോ സര്‍വേയില്‍ ആന്റിബോഡികള്‍ കണ്ടെത്തിയത് 23.4% പേര്‍ക്കാണ്. ആദ്യ സര്‍വേയില്‍ 21,000 സാംപിളുകളും രണ്ടാം സര്‍വേയില്‍ 15,000 സാംപിളുകളുമാണ് ശേഖരിച്ചത്.

നഗരത്തിലോ സംസ്ഥാനത്തിലോ ഉള്ള അണുബാധയുടെ യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ഒരു സിറോ സര്‍വേ ആവശ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ എപ്പിഡെമിയോളജി മുന്‍ മേധാവി ഡോ. ലളിത്കാന്ത് പറഞ്ഞു. അതിനെക്കാള്‍ ഉപരി രോഗലക്ഷങ്ങള്‍ ഒന്നും തന്നെയില്ലാതെ രോഗം ബാധിക്കുകയും അതില്‍ നിന്ന് കരകയറുകയും ചെയ്തവരുടെ എണ്ണം തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു. അത്തരം ആളുകള്‍ക്ക് തങ്ങള്‍ രോഗബാധിതരാണെന്ന് പോലും അറിയുമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, ആന്റിബോഡികളുടെ സാന്നിധ്യം കോവിഡ് വൈറസിനു മുമ്പുള്ള വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.