ഉത്തരേന്ത്യക്കാരെ മാത്രം ഉള്‍പ്പെടുത്തി ഭാരത സംസ്ക്കാരവും ചരിത്രവും പഠിക്കാന്‍ വിദഗ്ദ്ധ സമിതി
ഇന്ത്യന്‍ സംസ്കാരവും ചരിത്രവും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധസമിതിയെ ചൊല്ലി പുതിയ വിവാദം. സമിതിയില്‍ ഉത്തരേന്ത്യക്കാര്‍ മാത്രമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ത്യന്‍ സംസ്ക്കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ദ്രാവിഡ വംശജര്‍ അധിവസിക്കുന്ന ദക്ഷിണേന്ത്യയില്‍നിന്ന് ആരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ സമിതിയില്‍ സ്ത്രീകളെയാരും ഉള്‍പ്പെടുത്താത്തതും ശരിയായില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ചരിത്രം പൂര്‍ണമാകില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
ആര്‍ക്കിയോളജി വകുപ്പ് കൈകാര്യം ചെയ്യുന്ന സാംസ്കാരിക മന്ത്രാലയം ബുധനാഴ്ചയാണ് കഴിഞ്ഞ 12,000 വര്‍ഷത്തെ ഇന്ത്യയുടെ പുരാതന ചരിത്രത്തെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ദ്ധസമിതി രൂപീകരിച്ചതായി അറിയിപ്പ് നല്‍കിയത്. ഇന്ത്യന്‍ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കുകയാണ് ലക്ഷ്യമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. കെഎന്‍ ദീക്ഷിത്, ആര്‍എസ് ബിഷ്ത്, ബി ആര് മണി, സന്തോഷ് ശുക്ല, ആര്‍കെ പാണ്ഡെ, മക്കാന് ലാല്‍, ജിഎന്‍ ശ്രീവാസ്തവ, മുകുന്ദം ശര്‍മ്മ, പിഎന്‍ ശാസ്ത്രി, ആര്‍സി ശര്‍മ്മ, കെ കെ മിശ്ര, ബല്‍റാം ശുക്ല, ആസാദ് കൌശിക്, എംആര്‍ ശര്‍മ്മ എന്നിവരാണ് സമിതിയിലുള്ളത്.
സമിതിയില്‍നിന്ന് ദക്ഷിണേന്ത്യക്കാരെ തഴഞ്ഞത് ദ്രാവിഡരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഈ സമിതിയെ അംഗീകരിക്കാനാകില്ലെന്നും, സമിതിക്കെതിരെ പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ചരിത്രം ഉത്തരേന്ത്യന്‍ ചരിത്രമാണെന്ന് ഉറപ്പാക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ആര്യന് കമ്മിറ്റിയാണിതെന്നും കുമാരസ്വാമി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പിലും ട്വിറ്ററിലുമാണ് കുമാരസ്വാമി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
”ഈ കമ്മിറ്റിയുടെ ഉദ്ദേശ ലക്ഷ്യത്തെ കുറിച്ച് എനിക്ക് സംശയമുണ്ട്. ഉത്തരേന്ത്യക്കാര്‍ പൂര്‍ണ്ണമായും കൈവശപ്പെടുത്തുന്നതിനൊപ്പം സംസ്കാരം, ചരിത്രം, പൈതൃകം എന്നിവയില്‍ മുന്‍വിധികളുള്ളവരെയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്’- എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
”കര്‍ണാടകയില്‍ നിന്നോ തമിഴ്നാട്ടില്‍ നിന്നോ ഒരു അംഗം പോലും ഇല്ല, ഇന്ത്യയിലെ ഏറ്റവും പഴയ രണ്ട് സംസ്ഥാനങ്ങളും സംസ്കാരങ്ങളുമാണ് ഇവ. ഞങ്ങള്‍ ദ്രാവിഡരാണ്, തെക്ക് നിന്നുള്ള ഒരു ദ്രാവിഡനും സമിതിയില്‍ ഇല്ല. ഇത് കേന്ദ്രത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു. സമിതിയില്‍ ഒരു വനിതാ അംഗം പോലുമില്ലാത്തതും ഖേദകരമാണ് ‘, എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
ദക്ഷിണ, കിഴക്കന്‍ സംസ്ഥാനങ്ങളെ അപമാനിക്കുന്ന സമിതിയെന്നാണ് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മാണികം ടാഗോറിന്റെ വിമര്‍ശനം. ”അവര്‍ ആര്‍എസ്എസ് തയ്യാറാക്കുന്ന ഒരു ചരിത്രം പഠിക്കുകയാണെന്ന് തോന്നുന്നു. തെക്ക്, കിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഇല്ലാതെ നമുക്ക് എങ്ങനെ ഇന്ത്യയുടെ പുരാതന ചരിത്രം പഠിക്കാന്‍ കഴിയും? ഇവ രണ്ടും വളരെ പഴയ പ്രദേശങ്ങളാണ്. നമ്മുടെ പുരാതന സംസ്കാരം പഠിക്കുന്നതിന്റെ പേരില്‍ ഇന്ത്യയെ കൂടുതല്‍ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നത് ‘- പറഞ്ഞു.
തെക്ക്, കിഴക്ക് മേഖലയിലെ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ താന്‍ വിഷയം ഉന്നയിക്കുമെന്ന് ടാഗോര്‍ പറഞ്ഞു. എല്ലാ 30 സംസ്ഥാനങ്ങളിലും 22 ഔദ്യോഗിക ഭാഷകളിലുംപ്പെട്ട ഒരു അംഗമെങ്കിലും സമിതിയില്‍ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.