ഇറ്റലിയില്‍ കത്തോലിക്കാ പുരോഹിതന്‍ കുത്തേറ്റു മരിച്ച നിലയില്‍

റോം: ഇറ്റലിയിലെ കോമോ നഗരത്തിലെ ഇടവകയ്ക്ക് സമീപം 51 കാരനായ പുരോഹിതന്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഫാ. റോബര്‍ട്ടോ മല്‍ഗെസിനിയാണ് (51) കൊല്ലപ്പെട്ടത്.

സെപ്റ്റംബര്‍ 15 ന് രാവിലെ 7 മണിയോടെ സെന്റ് റോക്കോ പള്ളിയിലെ ഇടവകയ്ക്കടുത്തുള്ള ഒരു തെരുവിലാണ് നിരവധി കുത്തേറ്റ നിലയില്‍ വൈദികന്റെ മൃദദേഹം കണ്ടെത്തിയത്. ഇറ്റലിയില്‍ അനധികൃതമായി തങ്ങിയിരുന്ന ടുണീഷ്യയില്‍ നിന്നുള്ള 53 കാരനായ കുടിയേറ്റക്കാരനാണ് വൈദികനെ കുത്തിയത്. അക്രമിയെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആളുകളെ സഹായിക്കുന്ന ഒരു ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററായിരുന്നു ഫാ. മല്‍ഗെസിനി. ഭവനരഹിതര്‍ക്ക് വേണ്ടി ഒരുക്കിയിരുന്ന ഒരു പ്രഭാതഭക്ഷണത്തില്‍ പോകുന്ന വഴിയ്ക്കാണ് കുത്തേറ്റത്. പിന്നില്‍ നിന്നും കഴുത്തിനു കുത്തേറ്റ വൈദികന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു പള്ളിയുടെ പോര്‍ട്ടിക്കോയില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയതിന് 2019 ല്‍ ലോക്കല്‍ പോലീസ് പിഴ ചുമത്തിയ വൈദികനാണ് മരിച്ചത്.

നിരവധി തവണ വൈദികനില്‍ നിന്നും സഹായം ലഭിച്ചിരുന്ന വ്യക്തിയാണ് കൊലപാതകി. സാന്റ് ഒര്‍സോളയിലെ ഇടവക പള്ളിയിലെ ഒരു ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്ന കൊലപാതകിയെ വൈദികന് മുമ്പേ അറിയാമായിരുന്നു. 1993 മുതല്‍ ഇറ്റലിയില്‍ താമസിക്കുന്നതായി സംശയിക്കപ്പെടുന്ന കൊലയാളി, ഇറ്റാലിയന്‍ ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ 2014 മുതല്‍ ഇറ്റലിയില്‍ അനധികൃതമായിട്ടാണ് താമസിച്ചുവന്നിരുന്നത്. നേരത്തെ കൊള്ള, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാട്ടുള്ള ഇയാള്‍ക്കെതിരെ പുറത്താക്കല്‍ ഉത്തരവുകള്‍ ഉള്‍പ്പെടെ നിലവിലുണ്ട്. COVID-19 അടിയന്തരാവസ്ഥ കാരണം ഉത്തരവുകള്‍ നടപ്പാക്കിയിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.