ജലീല്‍ മാറി നില്‍ക്കണ്ട ; ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ല എന്ന് പിണറായി
മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ എന്‍.ഐ.എ വിളിപ്പിച്ചു, എന്നാല്‍ എന്തിനാണ് വിളിപ്പിച്ചത് എന്നറിയില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ പേരില്‍ ജലീല്‍ മാറിനില്‍ക്കേണ്ടതില്ല. കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടാവാന്‍ ഇടയില്ല. ഇതില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്‌നമുദിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായതിനാലാണ് ഖുര്‍ആന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും പരാതി നല്‍കിയത് മനസ്സിലാക്കാം, എന്നാല്‍ ലീഗ് നേതാക്കള്‍ ഖുര്‍ആന്റെ കാര്യത്തില്‍ എന്തിനാണ് പരാതി നല്‍കിയതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോലീബി സംഖ്യം വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കോണ്‍സുലേറ്റുമായി ജലീല്‍ ബന്ധപ്പെട്ടിട്ടില്ല, ജലീലിനെ കോണ്‍സുലേറ്റ് ബന്ധപ്പെടുകയാണ് ചെയ്തത്. മടിയില്‍ കനമില്ലാത്തതിനാണ് നേരെപോയി ഹാജരായത്. അന്വേഷണത്തിന്റെ അവസാനം കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോണ്‍ഗ്രസോ ബിജെപിയും പരാതി കൊടുക്കുന്നത് മനസിലാക്കാം. മുസ്ലീം ലീഗും അവര്‍ക്കൊപ്പം ചേര്‍ന്ന് ജലീലിനെ ആക്രമിക്കുകയാണ്. വ്യക്തത വരുത്താനാണ് എന്‍ഐഎ ജലീലിന്റെ മൊഴി ശേഖരിച്ചത്. വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.
അതേസമയം നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. കെ ടി ജലീല്‍ ഓഫീസിലെത്തിയത് രാവിലെ ആറ് മണിക്കാണ്. മന്ത്രി പോകുന്ന വഴി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.