ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കേസെടുത്തു
മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ആണ് കസ്റ്റംസ് കേസെടുത്തത്. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്.
നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്. മൂന്നരവര്‍ഷത്തിനിടെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ മന്ത്രിയുടെ മണ്ഡലത്തില്‍ അടക്കം സംസ്ഥാനത്തെ പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി സ്പെഷ്യല്‍ ടീമിനെ കസ്റ്റംസ് നിയോഗിച്ചു. വൈകാതെ തന്നെ മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.