സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ
സൗദി അറേബ്യ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിര്‍ണ്ണായകമായ ഈ തീരുമാനം കൈക്കൊണ്ടത്. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് സൗദിയില്‍ വിരാമമായിരിക്കുന്നത്.
ലിംഗവ്യത്യാസം, പ്രായം, വൈകല്യം, മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ജോലി സ്ഥലത്തെ വിവേചനത്തില്‍ നിന്നും തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൈമാറി. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.
ജീവനക്കാര്‍ക്കിടയില്‍ ലിംഗാധിഷ്ടിത വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവെന്ന് മാനവവിഭവശേഷി മന്ത്രാലം അറിയിച്ചു. നേരത്തെ സൗദിയിലെ വനിതാ കൗണ്‍സില്‍ അംഗങ്ങളും സ്വകാര്യമേഖലയില്‍ വേതന വ്യവസ്ഥയില്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകര്‍ ചെയ്യുന്ന അതേ ജോലിക്ക് 56% കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് ഷൗറ കൗണ്‍സിലെ വനിതാ അംഗങ്ങള്‍ മുന്‍പ് തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു.