ചിക്കാഗോ മലയാളികള്‍ക്ക് മനസ്സുനിറഞ്ഞ നന്ദിയോടെ ഡോ. എം.എസ് സുനില്‍ ടീച്ചര്‍
അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ ഡോ എം എസ് സുനില്‍ ടീച്ചര്‍ ചിക്കാഗോ മലയാളികള്‍ക്ക് നന്ദി അറിയിച്ചു. പാവപെട്ട ഭവന രഹിതരായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ എം എസ് സുനിലിന് പിന്തുണയുമായി ചിക്കാഗോയിലെ മലയാളി സമൂഹം വ്യക്തിപരമായും സംഘടനാ തലത്തിലും അണിനിരന്നപ്പോള്‍ 42 ഭവനരഹിതരുടെ തലചായ്ക്കാന്‍ ഒരിടം എന്ന സ്വപനം പൂവണിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സുനില്‍ ടീച്ചര്‍ നന്ദി അറിയിച്ചത്.
2019 ലെ ഓണക്കലാത്ത് സ്‌കറിയകുട്ടി തോമസിന്റെയും ടോമി മെതിപ്പാറയുടെയും ആതിഥ്യത്തില്‍ ചിക്കാഗോ സന്ദര്‍ശിച്ച ടീച്ചര്‍ക്ക്, പിന്തുണ നല്‍കിയവരില്‍ വ്യക്തികളും സംഘടനകളും ഉണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറ്റോറി കെയര്‍, ചിക്കാഗോ മലയാളി അസോസിയേഷന്‍, ചിക്കാഗോ കലാക്ഷേത്ര, ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്, ഫ്രെണ്ട്‌സ് ആര്‍ എസ്, ചിക്കാഗോ കെ സി എസ്, കെ സി എസ് വിമന്‍സ് ഫോറം, സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ചിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് ഡോ സുനിലിന്റെ ആഹ്വാനം സ്വീകരിച്ച് ഈ ഭാവന നിര്‍മ്മാണ യജ്ഞത്തില്‍ പങ്കാളികളായത്.
കേരളം പ്രളയ ദുരിതത്തിലൂടെ കടന്നു പോയപ്പോള്‍, ഭവനരഹിതര്‍ക്ക് ആശ്വാസമായതിന്റെ ചാരിതാര്‍ഥ്യം പങ്കുവെയ്ക്കുന്ന ഡോ സുനിലിന്റെ നേതൃത്വത്തില്‍ പണിയപ്പെട്ട ഭവനങ്ങളുടെ എണ്ണം ഇതോടെ 185 ആയി. ഇന്ത്യന്‍ പ്രസിഡന്റിന്റെ കൈയില്‍ നിന്നും സ്ത്രീകള്‍ക്കുള്ള പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്‌കാരം അടക്കം സന്നദ്ധ സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള സുനില്‍ ടീച്ചറുടെ ഈ ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ടീച്ചറുടെ സന്ദര്‍ശനം ക്രമീകരിച്ച ശ്രീ സ്‌കറിയാകുട്ടി തോമസും ടോമി മെതിപ്പാറയും അറിയിച്ചു.