പ്രതിഷേധത്തിനിടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കി. കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയിലാണ് ലോക്‌സഭയും രാജ്യസഭയും കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകളാണ് പാസാക്കിയത്. കരാര്‍ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളാണിത്. ഒരു ബില്ല് കൂടി പാസാക്കാനുണ്ട്.
പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായ നിമിഷമാണിത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. പുതിയ ബില്‍ കര്‍ഷകര്‍ക്ക് താങ്ങു വില ഉറപ്പാക്കുന്നതിനെ ബാധിക്കില്ല. കര്‍ഷകരില്‍ നിന്നും നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ”ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷം! പാര്‍ലമെന്റില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കിയതിന് കഠിനാധ്വാനികളായ കര്‍ഷകരെ അഭിനന്ദിക്കുന്നു, ഇത് കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ പരിവര്‍ത്തനം ഉറപ്പാക്കുകയും കോടിക്കണക്കിന് കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യും ‘- മോദി ട്വിറ്ററില്‍ പറഞ്ഞു.