നവയുഗം തുണച്ചു; ദുരിതപര്‍വ്വം കടന്ന് മുപ്പതുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: മുപ്പതു വര്‍ഷത്തെ പ്രവാസജീവിതം, ദുരിതങ്ങളില്‍ അവസാനിയ്ക്കുന്ന ഒരു ഘട്ടത്തില്‍, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി നവയുഗം സാംസ്‌ക്കാരികവേദി എത്തിയതോടെ, അല്‍ഹസ്സയിലെ കോളാബിയയില്‍ താമസിച്ചിരുന്ന കൃഷ്ണന്‍കുട്ടി എന്ന കുട്ടി മേശിരി, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം തൊളിക്കോട് സ്വദേശിയായ കുട്ടി മേശിരി, ഏറെ വിഷമതകള്‍ നിറഞ്ഞതെങ്കിലും, മുപ്പതു വര്‍ഷമായി പ്രവാസജീവിതം നയിച്ചത്, നാട്ടിലുള്ള കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയായിരുന്നു. രോഗബാധിതയായി രണ്ടു കാലും മുറിച്ചു മാറ്റേണ്ടി വന്ന ഭാര്യ, ആകെ സമ്പാദ്യം രണ്ടര സെന്റ് സ്ഥലത്ത് ഉള്ള കൊച്ചു വീട് . മൂന്നു പെണ്‍മക്കള്‍, മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റു രണ്ടുപേരും വിവാഹപ്രായം എത്തി നില്‍ക്കുന്നു. കുടുംബത്തിന്റെ ഭാവിയെക്കുറിച്ചു ആശങ്കകള്‍ പ്രവാസജീവിതത്തില്‍ അദ്ദേഹത്തെ തളച്ചിട്ടു.

അല്‍ഹസ്സയില്‍ ആദ്യകാലത്തു സ്പോണ്‍സറുടെ കൂടെ ജോലി ചെയ്തു. നിതാഖാത്ത് വന്നപ്പോള്‍ സ്‌പോണ്‍സര്‍ ഒഴിവാക്കി. പിന്നീട് സ്വന്തമായി മേശിരിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ചെറിയ ജോലികള്‍ കണ്ടുപിടിച്ചു ചെയ്ത് പണമുണ്ടാക്കി,ചിലവിനുള്ള പണം മാത്രം കൈയ്യില്‍ കരുതി, ബാക്കി മുഴുവന്‍ നാട്ടില്‍ അയച്ചു കൊടുത്തു. പത്തുവര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഇക്കാമ കാലാവധി തീര്‍ന്നിട്ട് പുതുക്കാന്‍ പോലും കഴിഞ്ഞില്ല. ദീര്‍ഘകാലത്തെ പ്രവാസം നല്‍കിയത് രോഗങ്ങളുടെ നീണ്ട ലിസ്റ്റ് ആയിരുന്നു. കൊറോണയും ലോക്ക്ഡൗണും വന്നപ്പോള്‍ വരുമാനം പൂര്‍ണ്ണമായും നിലച്ചു. അസുഖം കൂടി ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ ആയതോടെ താമസിച്ചിരുന്ന റൂമില്‍ നിന്നും കെട്ടിടഉടമ ഇറക്കി വിട്ടു. അതോടെ ഒരു സുഹൃത്തിന്റെ മുറിയില്‍ താമസം തുടങ്ങി.

നാട്ടിലെ ബന്ധുക്കള്‍ സിപിഐ പ്രാദേശികനേതാക്കള്‍ വഴി നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചപ്പോഴാണ് കുട്ടി മേശിരിയുടെ അവസ്ഥ നവയുഗത്തിന്റെ ശ്രദ്ധയില്‍ എത്തിയത്. സാജന്‍ കൈമാറിയ വിവരങ്ങള്‍ അനുസരിച്ചു അല്‍ഹസ്സ മേഖല പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഉണ്ണി മാധവം താമസിയ്ക്കുന്ന സ്ഥലത്തെത്തി കുട്ടി മേശിരിയെ നേരിട്ട് കണ്ടു വിവരങ്ങള്‍ മനസ്സിലാക്കി താത്കാലിക സഹായങ്ങള്‍ കൈമാറി.

അതോടെ വാര്‍ദ്ധക്യത്തിന്റെയും രോഗത്തിന്റെയും അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം ദുരിതത്തിലായിരുന്ന കുട്ടി മേശിരിയെ നാട്ടില്‍ എത്തിയ്ക്കാനുള്ള ചുമതല നവയുഗം ജീവകാരുണ്യവിഭാഗം ഏറ്റെടുത്തു.

നവയുഗം ജീവകാരുണ്യ കണ്‍വീനര്‍ ഷിബുകുമാര്‍ സൗദി അധികാരികളും, ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നിയമകുരുക്കുകള്‍ അഴിച്ച് കുട്ടിമേശിരിയുടെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചു വാങ്ങി. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദിന്റെ ഇടപെടലില്‍ നോര്‍ക്കയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ സൗജന്യമായി ടിക്കറ്റും എടുത്തു കൊടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, വാഹിദും, ഉണ്ണി മാധവവും, സാജന്‍ കണിയാപുരവും, നവയുഗം നേതാക്കളായ ദാസന്‍ രാഘവന്‍, അഖില്‍ അരവിന്ദ്, ബിനുകുമാര്‍ എന്നിവര്‍ക്കൊപ്പം കുട്ടി മേശിരിയെ സന്ദര്‍ശിച്ചു, വിമാനടിക്കറ്റും എക്‌സിറ്റ് പേപ്പറുകളും കൈമാറി.

നിറഞ്ഞ സന്തോഷത്തോടെയും, ഏറെ ആശ്വാസത്തോടെയും എല്ലാവര്‍ക്കും നന്ദി പറഞ്ഞു, കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി. മടങ്ങി.