അനുരാഗ് കശ്യപിന് ഏതിരെ ലൈംഗിക ആരോപണവുമായി നടി
പ്രമുഖ ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗീക ആരോപണവുമായി നടി പായല്‍ഘോഷ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പായല്‍ ഘോഷ് സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരോപണം സത്യമുള്ളതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താരം പറയുന്നു.
2014 അവസാനത്തോടെയാണ് സംഭവം എന്നും താരം പറയുന്നു. അനുരാഗ് കശ്യപ് തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്‌തെന്ന് നടി ആരോപിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കാന്‍ തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെല്‍വറ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ തന്റെ മാനേജര്‍ക്കൊപ്പമാണ് ആദ്യമായി അനുരാഗിനെ കാണാന്‍ പോയതെന്നും അതൊരു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ചയായിരുന്നുവെന്നും താരം പറയുന്നു.
പിന്നീട് അനുരാഗ് തന്നെ മുംബൈയിലെ വീട്ടിലേക്ക് വിളിപ്പിക്കുകയും രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കിയ ശേഷം വേര്‍പിരിയുകയും ചെയ്തു. എന്നാല്‍, പിന്നീടും തന്നെ സംവിധായകന്‍ വീട്ടിലേക്ക് വിളിപ്പിച്ചതായും ജോലിയുടെ ഭാഗമായതിനാല്‍ പോയെന്നും പായല്‍ പറയുന്നു. ആ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി പായല്‍ പറയുന്നു.
തനിക്കതിനു കഴിയില്ലെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ ഇതെല്ലാം എല്ലാവരും ചെയ്യുന്നതല്ലേ എന്നായിരുന്നു മറുചോദ്യം. തന്റെ അടുക്കലേക്ക് വന്ന് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അനുരാഗ് പരാജയപ്പെടുകയായിരുന്നു എന്നും താരം പറയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അടുത്ത തവണ വരുമ്പോള്‍ തയാറായിരിക്കണം എന്ന് പറഞ്ഞ് അനുരാഗ് തന്നെ പറഞ്ഞയച്ചു. പിന്നീടു അദ്ദേഹം സന്ദേശമയച്ചെങ്കിലും മറുപടി നല്‍കിയില്ലെന്നും പായല്‍ വ്യക്തമാക്കി.
#MeToo മൂവ്‌മെന്റില്‍ ഇത് പറയാന്‍ ഒരുങ്ങിയെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും തന്നെ തടയുകയായിരുന്നു എന്നാണ് പായല്‍ പറയുന്നത്. എന്നാല്‍, അനുരാഗുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് ഇല്ലെന്നായിരുന്നു പായലിന്റെ മറുപടി. കുടുംബം പിന്തുണച്ചാല്‍ മാത്രമേ പരാതി നല്‍കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഇത് തുറന്നു പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്. സുഷാന്തിന്റെ മരണവും ലഹരിമരുന്ന് വിഷയവും ചര്‍ച്ചയായപ്പോള്‍ ഇത് തുറന്നുപറയണമെന്ന് തോന്നി. കുടുംബം പിന്തുണച്ചാല്‍ മാത്രമേ പരാതി നല്‍കൂ” -പായല്‍ പറഞ്ഞു. എന്നാല്‍, പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അനുരാഗ് അവ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി.