ജാക്കോബായ സഭയുടെ ദേവാലയങ്ങള്‍ കയ്യേറുന്നതിനെതിരെ വിയന്നയില്‍ പ്രതിഷേധ പ്രമേയം
വിയന്ന: സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പൊതുയോഗത്തില്‍ സഭയുടെ ദേവാലയങ്ങള്‍ കയ്യേറുന്നതിനെതിരെ പ്രമേയം അവതരിപ്പിച്ചു. ജാക്കോബായ സഭയുടെ കേരളത്തിലെ പുരാതനമായ ദേവാലയങ്ങള്‍ നീതിക്ക് നിരക്കാത്ത തരത്തില്‍ കയ്യേറുന്ന ഓര്‍ത്തഡോക്ള്‍സ് വിഭാഗത്തിന്റെ ഹീനമായ നടപടിയെ പൊതുയോഗം ശക്തമായി അപലപിച്ചു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ കേരളത്തിലെ പൂര്‍വീകര്‍ പണിതിട്ടുള്ള പരിശുദ്ധ യാക്കോബായ സഭയുടെ പുരാതനമായ ആരാധനാലയങ്ങള്‍ കോടതിവിധിയുടെ മറവില്‍ കയ്യേറുന്നത് ഇന്‍ഡ്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും നിഷേധിക്കുന്നതും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മനുഷ്യത്തരഹിതവും ആദ്ധ്യാത്മികതക്ക് ഒരുതരത്തിലും യോജിക്കാത്തതാണെന്ന് യോഗം വിലയിരുത്തി.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ വഴി ചേര്‍ന്ന സെന്റ് മേരീസ് ജാക്കോബായ ഇടവകയുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. ഇടവക പ്രസിഡന്റ് ഫാ. ജോഷി വെട്ടിക്കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് ഔസേഫ് പടിക്കക്കുടി പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജോണ്‍സണ്‍ വാഴലാനിക്കല്‍, ട്രെഷറര്‍ ജോമോന്‍ ചേലപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. പള്ളി കമ്മിറ്റി അംഗങ്ങളായ സാജു പടിക്കകുടി, മോന്‍സി ഇയത്തുകളത്തില്‍, ആല്‍ബര്‍ട്ട് ഉള്ളൂരിക്കര, കൗണ്‍സില്‍ അംഗങ്ങളായ ജോളി തുരുത്തുംമേല്‍, ഷാജി ചേലപ്പുറത്ത് എന്നിവരും സന്നിഹിതരായിരുന്നു.
കേരളത്തിലെ അന്ത്യോക്യ വിശ്വാസ സംരക്ഷണത്തിനു വേണ്ടി ജീവന്‍മരണപോരാട്ടം നടത്തുന്ന സഭാപിതാക്കന്മാരോടും സത്യവിശ്വാസികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതുയോഗം അവസാനിച്ചു.