തീവ്രവാദ കേസ് ; പ്രതികള്‍ കൊച്ചിയില്‍ തങ്ങിയത് ആയുധം വാങ്ങുന്നതിന് കാശുണ്ടാക്കാന്‍ എന്ന് എന്‍.ഐ.എ

കൊച്ചിയില്‍ ഇന്നലെ അറസ്റ്റ് ചെയ്ത അല്‍ഖാഇദ ഭീകരരുടെ ദൌത്യം ആയുധം വാങ്ങുന്നതിന് പണം കണ്ടെത്തലായിരുന്നുവെന്ന് എന്‍.ഐ.എ. അല്‍ഖാഇദയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ രാജ്യവ്യാപക ശ്രമം നടന്നുവെന്നും, റിക്രൂട്ട്‌മെന്റ് നടത്തുന്നത് ബംഗാളി സംസാരിക്കുന്ന മുഖ്യ ആസൂത്രകനാണെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. പ്രതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് എന്‍.ഐ.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.

എന്‍.ഐ.എ കോടതിക്ക് പകരം ചാര്‍ജുണ്ടായിരുന്ന മജിസ്‌ട്രേറ്റിന് മുന്നിലാണ് മൂന്ന് പ്രതികളേയും ഹാജരാക്കിയത്. ഡല്‍ഹി പാട്യാല കോടതിയിലാണ് ഇവരെ ഹാജരാക്കേണ്ടത്. എന്നാല്‍ അതിന് തടസം നിലനില്‍ക്കുന്നതിനാലാണ് എറണാകുളം കോടതിയില്‍ പ്രതികളെ എത്തിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.ഐ.എ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി ഒരേസമയം നടത്തിയ റെയ്ഡില്‍ പത്ത് പേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നാണ് .

ഇവരെ കേരളത്തിലേക്കയച്ചത്. ആയുധങ്ങള്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാനും മറ്റുമാണെന്നാണ് എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറച്ച് കാലങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിന് ശേഷം കഴിഞ്ഞ 11 ാം തിയതിയാണ് ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയതിനുള്‍പ്പെടെ യു.എ.പി.എ 17,18, 18D,38 തുടങ്ങി ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, എസ്.ഡി കാര്‍ഡ്, ലാപ്‌ടോപ് എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.