മലേഷ്യയില്‍ ഓണ്‍ലൈന്‍ ഓണം ആഘോഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടി ‘പൊന്നോണം 2020’ വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി.
കോവിഡ് പാശ്ചാത്തലത്തില്‍ മലേഷ്യയിലെ മലയാളികള്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്ന് കൊണ്ട് തന്നെ തങ്ങളുടെ കൂട്ടായ്മയില്‍ തന്നെ ഉള്ള കലാകാരന്മാര്‍ അവതരിപ്പിച്ച ഓണാഘോഷ പരിപാടികളില്‍ പങ്കുചേരാന്‍ ഉള്ള അവസരമാണ് വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം ഒരുക്കിയത്. മലേഷ്യയിലെ കലാ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യങ്ങളായ രാജേഷ് കാഞ്ഞിരക്കാടന്‍, അബ്ദുള്‍ കലാം എന്നിവരുടെ നേതൃത്വത്തില്‍, ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി മാറിയതിന്റെ പിന്നിലെ ചരിത്രം, കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഓണത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന ആഘോഷങ്ങളിലെ വ്യത്യസ്തത എന്നിവയെ അധികരിച്ച് നടത്തിയ സംവാദം തികച്ചും വിജ്ഞാനപ്രദമായ ഒരു പുത്തന്‍ അനുഭവമായിരുന്നു.
മലേഷ്യയിലെ സംഗീത ലോകത്തെ അറിയപ്പെടുന്ന വ്യക്തിത്വവും മലയാളിയുമായ ഡോ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ കണ്ണിനും കാതിനും ഇമ്പമേകി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഓണപ്പാട്ടുകള്‍, തിരുവാതിര, പിഞ്ചോമനകളുടെ സംഗീത നൃത്ത വേഷപ്രച്ഛന്ന പരിപാടികള്‍ എന്നിവയും ഓണവുമായി അനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മത്സരങ്ങളും പൊന്നോണം 2020 ന് മിഴിവേകി. വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ ഘടകം പ്രസിഡന്റ് സൈജു വര്‍ഗീസ് മുല്ലശ്ശേരി സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജില്‍സ് സേവ്യര്‍ നന്ദിയും പറഞ്ഞു.