മുഖ്യമന്ത്രിക്കൊപ്പമുള്ള ചടങ്ങില്‍ പങ്കെടുത്ത എ.സി.പിക്ക് കോവിഡ്

തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള 20 പൊലീസുകാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരങ്ങളെ നേരിട്ടതും ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു. ഇന്ന് രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും എ.സി.പി പങ്കെടുത്തിരുന്നു.

പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം സാമ്പിള്‍ എടുത്തിരുന്നെങ്കിലും ഫലം ഇന്നാണ് വന്നത്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് കമ്മീഷണറുമായി ബന്ധമുള്ളവരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനുള്ള നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്.

സെക്യൂരിറ്റി ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല.പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ഏഴും തുമ്പയില്‍ പതിനൊന്നും പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫിസ് അടച്ചു.