കൊറോണക്കാലത്തെ കൊടുംക്രൂരതകള്‍: കളത്തൂര്‍ പള്ളി വികാരിയ്‌ക്കെതിരെ ഗുരുതര ആരോപണം
കോട്ടയം: പാലാ രൂപതയിലെ കളത്തൂര്‍ പള്ളിയിലെ വികാരിയച്ചനെതിരായി സോഷ്യല്‍ മീഡിയയില്‍ ആരോപണം. കൊറോണ കാലത്ത് മനുഷ്യര്‍ സാമ്പത്തികമായി നട്ടം തിരിയുമ്പോള്‍, പള്ളി വികാരി ഇടവകയുടെ സമ്പത്ത് അനാവശ്യ പണികള്‍ നടത്തി ധൂര്‍ത്തടിച്ചതായിട്ടാണ് ഇടവക ജനങ്ങള്‍ ഉയര്‍ത്തുന്ന പരാതി.
പള്ളിയിലെ വികാരിയച്ചന്‍ ഇടവകക്കാരെയും പള്ളി കമ്മറ്റി അംഗങ്ങളെയും നോക്കുകുത്തിയാക്കി തന്നിഷ്ടപ്രകാരം പള്ളിയുടെ അള്‍ത്താര പുതുക്കിപണിതതാണ് വിശ്വാസികളെ ചൊടിപ്പിച്ചത്. ഇതിനോടകം തന്നെ ഒരു ഇടവകാംഗം പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പണം ധൂര്‍ത്തടിക്കുന്ന വൈദികനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചോദ്യങ്ങള്‍ ചുവടെ:
? കളത്തൂര്‍പള്ളിപൊതുയോഗത്തിന്റെയും പള്ളികമ്മിറ്റിയുടെയും അരമനയുടെയും അനുവാദത്തോടും കൂടിയല്ലേ അന്നത്തെ വികാരി മാത്യു മൂത്തേടം പഴയപള്ളി പൊളിച്ചു പുതിയ മനോഹരമായ പള്ളി
1.50 കോടി രൂപാ മുടക്കി യാതൊരു കടബാധ്യതയും കൂടാതെ പണിതു 2008ല്‍ കൂദാശ ചെയ്തത്?
? 12 വര്‍ഷം മുന്‍പു പണിത, ഇടവകക്കാര്‍ സംഭാവന ചെയ്ത തടികള്‍ കൊണ്ട് പാനലിംഗ് ചെയ്ത് മനോഹരമായ അള്‍ത്താര കൊറോണക്കാലത്ത് ഇടവക ജനങ്ങള്‍ പള്ളിയില്‍ വരാത്ത സമയത്ത് മുഴുവന്‍ കുത്തിപൊളിച്ചു പത്തുനാല്പതു വര്‍ഷം മുന്‍പുള്ള രീതിയില്‍ അള്‍ത്താരയില്‍ പെയിന്റടിച്ചു ചിത്രപ്പണി നടത്തുവാന്‍ ആര് അനുവാദം കൊടുത്തു?
? 5 വര്‍ഷം കൂടുമ്പോള്‍ മാറി മാറി വരുന്ന വികാരിയച്ചന്മാരുടെ ഭാവനാവിലാസങ്ങള്‍ക്കനുസരിച്ച് ചിലവാക്കുവാനുള്ളതാണോ ഇടവകജനങ്ങളുടെ നേര്‍ച്ചപ്പണവും സംഭാവനകളും?
? 12 വര്‍ഷമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്ന അള്‍ത്താര 6 മാസമായി ചാര്‍ജെടുത്ത പുതിയ വികാരിയച്ചന് എങ്ങനെ പെട്ടെന്ന് അള്‍ത്താരയില്‍ വെളിച്ചക്കുറവുണ്ടെന്ന് പറഞ്ഞ് കുറച്ചു കമ്മറ്റിക്കാരെ മാത്രം വിളിച്ചുകൂട്ടി തെറ്റിദ്ധരിപ്പിച്ച് കുത്തിപൊളിച്ചു കളയുവാന്‍ ധൈര്യം വന്നത് മെത്രാന്റെ സഹപാഠിയായതു കൊണ്ടാണോ?
? ലോക്ക്ഡൗണ്‍ കാലത്തു ഒരു കമ്മിറ്റിയും കൂടുവാന്‍ സാധിക്കാത്ത സമയത്ത്, വലിയ തുകകള്‍ ചിലവഴിക്കുവാന്‍ പാടില്ലെന്ന് അരമന നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്ത് 15 ലക്ഷത്തോളം രൂപാ ചിലവഴിച്ചു സ്‌കൂളിന്റെ അറ്റകുറ്റപ്പണി തന്നിഷ്ടപ്രകാരം ഒരു ക്വൊട്ടേഷനും വിളിക്കാതെ നടത്തിയത് ആരുടെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി?
? ഈ വികാരിയച്ചന്‍ മുന്‍പ് ഇരുന്ന ഇടവകകളില്‍ എല്ലാം നിരവധി പ്രശ്‌നങ്ങളും ഉണ്ടാക്കി ഇടവകക്കാരുടെ പരാതികളും പ്രക്ഷോഭങ്ങളും കാരണം രായ്ക്കു രാമാനം സ്ഥലം മാറിപ്പോയ ചരിത്രമുള്ള, അരമനയുടെ അച്ചടക്കനടപടി നേരിട്ട് ഭരണങ്ങാനം പില്‍ഗ്രീം സെന്ററില്‍ ഇരുന്ന ഈ വികാരിയച്ചനെ എന്തു കാരണത്താലാണ് കളത്തൂര്‍ പള്ളിപോലുള്ള സമാധാനപരമായി മുന്നോട്ടു പോകുന്ന ഇടവകയിലോട്ട് അയച്ച് ഇടവകക്കാരെ രണ്ടാക്കാന്‍ ശ്രമിക്കുന്നത്?
? ഇടവകക്കാര്‍ തടിയായും, സംഭാവനകളായും ശാരീരികാദ്ധ്വാനത്തിലും പണിത അള്‍ത്താര പൊളിച്ചു കളഞ്ഞതിന്റെ പേരില്‍ ഇടവക അംഗം പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം കളത്തൂര്‍ പള്ളിക്ക്, വികാരിയച്ചനും കൈക്കാരന്മാരും കൂടി നല്‍കണമെന്ന് കേസ് കൊടുത്തതിന് എതിരെ പള്ളിയിലെ ഇടവകക്കാരുടെ നേര്‍ച്ച പണത്തില്‍ നിന്ന് കേസ് നടത്താമെന്ന് പറയുവാന്‍ വികാരിക്ക് ആര് അനുവാദം കൊടുത്തു?
? എന്തുകൊണ്ടാണ് വൈദികരും രൂപതയും സര്‍ക്കാരിന്റെ ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്നത്?