ഇന്ന് 4125 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 40382 പേര്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുണ്ട്. 412 ഉറവിടമറിയാത്ത കേസുകളുമുണ്ട്. 19 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38574 സാമ്പിളുകള്‍ പരിശോധിച്ചു. 3007 പേരാണ് ഇന്ന് രോഗമുക്തരായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും ഇതില്‍ തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം ഏറ്റവും ശക്തമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് 651 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്‌നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാര്‍ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു. ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്ത 553 മരണങ്ങളില്‍ 175-ഉം സംഭവിച്ചത് തിരുവന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങള്‍ നടന്നത് തിരുവനന്തപുരത്താണ്.