രണ്ടാം വിവാഹത്തിന് തയ്യാറായ പിതാവിനെ തടഞ്ഞു ; പിതാവ് മകനെ കടിച്ചു പരിക്കേല്‍പ്പിച്ചു
വീണ്ടും വിവാഹംകഴിക്കാന്‍ സമ്മതിക്കാത്തതിന് പിതാവ് കടിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍. അഹമ്മദാബാദ് ദരിയാപുര്‍ സ്വദേശിയായ യഹിയ ഷെയ്ഖ് എന്ന യുവാവാണ് പിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്‍പതുകാരനായ പിതാവ് രണ്ടാം വിവാഹം ചെയ്യാനൊരുങ്ങുന്നത് എതിര്‍ത്തിനാണ് തന്നെ കടിച്ചു പരിക്കേല്‍പ്പിച്ചതെന്നാണ് യുവാവ് ആരോപിക്കുന്നത്.
അഹമ്മദാബാദില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്യുകയാണ് യഹിയ. പിതാവായ നസീമുദ്ദീന്‍ മൂന്ന് വര്‍ഷം മുമ്പ് തന്നെ കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് യഹിയ മാതാവിനൊപ്പം വീടിന്റെ മുകളിലെ നിലയിലേക്ക് താമസം മാറി. ഇതേ വീടിന്റെ താഴത്തെ നിലയിലാണ് പിതാവും കഴിയുന്നത്.
ഇതിനിടെയാണ് നസീമുദ്ദീന്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന് എതിരു നിന്നതോടെയാണ് കഴിഞ്ഞ ദിവസം ഇയാള്‍ മകന്റെ വീട്ടിലെത്തി ഇയാളെ ഉപദ്രവിച്ചത്. കവിളിലും തോളിലും മുതുകിലുമൊക്കെ കടിയേറ്റെന്നാണ് യഹിയ പരാതിയില്‍ ആരോപിക്കുന്നത്. മകനെ ഉപദ്രവിക്കുന്നത് തടയാനെത്തിയ ആദ്യ ഭാര്യ സുബൈദബാനുവിനെയും ഇയാള്‍ മര്‍ദ്ദിച്ചുവെന്നും പരാതിയിലുണ്ട്. തുടര്‍ന്നാണ് മകന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ യഹിയയുടെ പിതാവായ നസീമുദ്ദീന്‍ ഷെയ്ഖിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.