നിയമസഭ കയ്യാങ്കളി കേസ് ; സര്‍ക്കാരിന് തിരിച്ചടി

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ പിണറായി സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പൊതുമുതല്‍ നശിപ്പിച്ച കുറ്റം ചുമത്തിയ കേസില്‍ നിലവില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍,കെ.ടി ജലീല്‍ എന്നിവര്‍ അടക്കം ആറ് പേരാണ് പ്രതികള്‍.

ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ കെ.എം മാണി 2015 മാര്‍ച്ച് 13 ന് ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോഴാണ് അന്നത്തെ പ്രതിപക്ഷം നിയമസഭയില്‍ കയ്യാങ്കളി നടത്തിയത്. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, അടക്കം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് സഭയില്‍ ഉണ്ടായത്.നിലവില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍ ,കെടി ജലീല്‍ ,വി ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വി. ശിവന്‍കുട്ടി നല്‍കിയ അപേക്ഷയയുടെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയില്‍ തടസഹരജിയും നല്‍കി. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് വരാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. സി.ജെ.എം കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കണമോ എന്ന കാര്യം വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കും.

അതേസമയം നിയമസഭ കയ്യാങ്കളി കേസില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ തള്ളിയതോടെ സര്‍ക്കാരിന്റെ തെറ്റായ നയമാണ് കോടതി തിരുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.