പാലാരിവട്ടം പാലം പൊളിച്ചു പണിയാം’; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി

വിവാദമായ പാലാരിവട്ടം പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലിലും, പാലം പൊളിച്ച് പണിയാന്‍ അനുമതി നല്‍കണമെന്ന ഇടക്കാല അപേക്ഷയിലുമാണ് സുപ്രീം കോടതി വാദം കേട്ടത്.

ഭാര പരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതില്‍ സര്‍ക്കാരിന് എത്രയും വേഗം നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെയുള്ളവരാണ് പാലം അപകടാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടക്കാട്ടി.

ഇ. ശ്രീധരന്റെ അഭിപ്രാത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചതെന്ന് കരാര്‍ കമ്പനിയായ ആര്‍ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി ആരോപിച്ചു. കിറ്റ്‌കോയ്ക്ക് വേണ്ടി ഹാജരായ ഗോപാല്‍ ശങ്കര നാരായണനും ഈ അഭിപ്രായത്തെ അനുകൂലിച്ചു. എന്നാല്‍ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എന്‍ജിനീയറാണ് ശ്രീധരനെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജര്‍ ആയ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. പുതിയ പാലം നിര്‍മ്മിക്കാന്‍ 18 കോടി ചെലവ് വരുമെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.