കുറഞ്ഞ ചിലവില്‍ വെന്റിലേറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് മലയാളി സ്റ്റാര്‍ട്ട്‌ അപ് ബുദ്ധി

സാങ്കേതിക വിദഗ്ധനും സംരംഭകനും സിനിമാ താരവുമായ പ്രകാശ് ബാരെയുടെ ഏകോപനത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കണ്‍സോര്‍ഷ്യമാണ് കുറഞ്ഞ ചിലവില്‍ വെന്റിലേറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുന്നത്. 20,000 മുതല്‍ ഒന്നര ലക്ഷം വരെ വില വരുന്ന മൂന്ന് വെന്റിലേറ്റര്‍ സൊല്യൂഷനുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്‍ട്വെന്റര്‍ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.

യു എസിലെ മാസച്യൂസിറ്റസ് ഇന്‍സ്റ്റ്ട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രോജക്റ്റ് പ്രാണ ഫൌണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പ്രവര്‍ത്തനം നടപ്പിലാക്കിയത്. നിലവിലുള്ള വെന്റിലേറ്ററുകള്‍ ഉപയോഗിച്ച് കൂടുതല്‍പേര്‍ക്ക് സേവനം ലഭ്യമാക്കാന്‍ കഴിയുന്ന ഐ സേവ് ബംഗ്ലാദേശിലെ ആശുപത്രികളില്‍ ഉപയോഗിച്ച് തുടങ്ങിക്കഴിഞ്ഞു. ഉടന്‍ തന്നെ ഇവയുടെ സേവനം ഇന്ത്യയിലും ലഭ്യമാകുന്നതാണ്.

കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡുകളുമായി വിഷയത്തില്‍ ആശയവിനിമയം നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് തങ്ങള്‍ എന്ന് പ്രകാശ് ബാരെ പറയുന്നു. നിലവിലെ വെന്റിലേറ്ററില്‍ ഐ സേവ് സംവിധാനം കണക്റ്റ് ചെയ്താല്‍ ഒരേ സമയം ഒന്നിന് പകരം രണ്ടുപേര്‍ക്ക് ഉപകാരപ്രദമാകും എന്നും അദ്ദേഹം പറയുന്നു.

സിനര്‍ജിയ മീഡിയ ലാബ്‌സ് , അയോണിക്ക് 3ഡിപി(ചെന്നൈ), അരുവൈ( സിംഗപ്പൂര്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍. കൂടാതെ ഡോക്ടര്‍ പ്രഹ്ലാദ് വടക്കേപ്പാട്ട് , സില്‍ജി എബ്രഹാം, രാമമൂര്‍ത്തി പച്ചയപ്പന്‍ തുടങ്ങിയവരും സംരഭത്തില്‍ ഭാഗമാണ്. കൊറോണ വ്യാപനം രൂക്ഷമായ സമയത്ത് ഇത്തരത്തിലുള്ള കണ്ടെത്തലുകള്‍ വളരെ ഉപകാരപ്രദമായ ഒന്നാണ്.