കൊറോണ വൈറസ് തടയുന്നതില്‍ വീഴ്ച: ഓസ്ട്രിയ സര്‍ക്കാറിനെതിരെ കേസ്

കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലെ തിരോള്‍ സംസ്ഥാനത്തെ സ്‌കീ റിസോര്‍ട്ട് അടച്ചിടാതിരുന്നത് പകര്‍ച്ചവ്യാധി വര്‍ദ്ദിക്കാന്‍ കാരണമായെന്ന് കണ്ടെത്തി ഓസ്ട്രിയന്‍ സര്‍ക്കാരിനെതിരെ നിയമനടപടി സാധ്യത. ഒരു ഉപഭോക്തൃ അവകാശ ഗ്രൂപ്പാണ് (Verbraucherschutzverein- VSV) ഓസ്ട്രിയന്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ആല്‍പസ് പര്‍വ്വത നിരകള്‍ക്ക് സമീപം, സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി പങ്കിടുന്ന ഇഷ്ഗല്‍ എന്ന ചെറുപട്ടത്തില്‍ ഉണ്ടായ അണുബാധയുടെ വിവരങ്ങള്‍ കൃത്യമായി സഞ്ചാരികളെ അറിയിക്കുന്നതില്‍ അനാസ്ഥ വരുത്തിയെന്നാരോപിച്ചാണ് കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സംഘം നാല് സിവില്‍ സ്യൂട്ടുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. 85 ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. അതേസമയം അടുത്ത വര്‍ഷം ആയിരക്കണക്കിന് ആളുകള്‍ക്ക് വേണ്ടി ഒരു ക്ലാസ് ആക്ഷന്‍ വ്യവഹാരമെങ്കിലും ഓസ്ട്രിയയ്‌ക്കെതിരെ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രാജ്യത്ത് വൈറസ് പടരുന്നതിന്റെ ആദ്യ കേന്ദ്രങ്ങളിലൊന്നായാണ് ഇഷ്ഗലും അവിടുത്തെ റിസോര്‍ട്ടുകളും മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. 45 രാജ്യങ്ങളി ലുള്ളവര്‍ക്കു ഈ റിസോര്‍ട്ടുകളില്‍ നിന്നും അണുബാധ ഉണ്ടായതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ആ സമയത്ത് അറിവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് അധികൃതര്‍ വാദിക്കുന്നു. ആ സമയത്ത് പുതുതായി ഓസ്ട്രയായില്‍ വന്നിരുന്നവര്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ മാര്‍ച്ച് 7 നകം അധികാരികള്‍ക്ക് മതിയായ വിവരങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അത് അറിയിക്കാന്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

യുകെ ഉള്‍പ്പെടെ 40 രാജ്യങ്ങളിലായി 6,170 ആളുകളെ ബന്ധപ്പെട്ടാണ് നിയനടപടികള്‍ പുരോഗമിക്കുന്നത്. ഇഷ്ഗലില്‍ നിന്ന് മടങ്ങിയെത്തിയ 80 ശതമാനം പേരും വൈറസ് ബാധിതരാണെന്ന് പരിശോധിച്ചതായും 32 പേര്‍ മരിച്ചതായും എപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.