ബോളിവുഡ് ലഹരി കേസ് ; ദീപിക പദുകോണിനു നേരെയും സംശയമുന
ബോളിവുഡിലെ ലഹരി ഉപയോഗം സംബന്ധിച്ച കേസില്‍ കൂടുതല്‍ പ്രമുഖര്‍ കുടുങ്ങുവാന്‍ സാധ്യത. കേസില്‍ നടി ദീപിക പദുകോണിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിന് 2017ല്‍ അയച്ച വാട്‌സ്ആപ് ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് NCB താരത്തെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലഹരി ആവശ്യപ്പെട്ട് ദീപിക കരിഷ്മയ്ക്ക് അയച്ച മേസേജുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ 28നുള്ള വാട്‌സ്ആപ് ചാറ്റാണ് ഇത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെയും ‘ക്വാന്‍’ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്‌ഗോപോക്കറെയും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ലഹരി ആവശ്യപ്പെട്ട് നടന്ന ഈ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇതോടെ, അതേദിവസം ദീപികയ്‌ക്കൊപ്പം ആ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ബോളിവുഡ് അഭിനേതാക്കളായ സോനാക്ഷി സിന്‍ഹ ; സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
ക്വാന്‍’ എന്ന ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരി കൂടിയാണ് കരിഷ്മ. അന്തരിച്ച നടന്‍ സുഷാന്ത് സിംഗ് രാജ്പുതിന്റെ ടാലന്റ് മാനേജരായ ജയ സഹയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ദീപിക പദുകോണ്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ലഹരിക്കേസില്‍ ഉയരാന്‍ തുടങ്ങിയത്. റിയാ ചക്രബര്‍ത്തിയും ജയയും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകളില്‍ നിന്ന് ലഹരി ഇടപാട് സൂചനകള്‍ EDയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോളിവുഡിലെ ലഹരിമരുന്ന് കേസില്‍ NCB അന്വേഷണം ആരംഭിച്ചത്. സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയും ഈയാഴ്ച തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.