മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് 33 മരണം ; മരിച്ചവരില്‍ 15 കുട്ടികള്‍

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്. മരണപ്പെട്ടവരില്‍ 15 പേര്‍ കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികളാണ് എന്നാണ് വിവരം.

തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 25 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവര്‍ ഭിവണ്ടി, താനെ തുടങ്ങി വിവിധയിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. കനത്ത മഴയെ അവഗണിച്ചും രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് മുംബൈയില്‍ നിന്നും 60കിമീ അകലെയുള്ള ഭിവണ്ടിയിലെ റസിഡന്‍ഷ്യയിലെ ഏരിയയിലെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണത്. പൂര്‍ണ്ണമായും തകര്‍ന്നു വീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.

അപകടം നടന്ന് രണ്ട് ദിവസം പിന്നിട്ടതിനാല്‍ ലഭിക്കുന്ന മൃതദേഹങ്ങളില്‍ പലതും ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലാണ്. താനെയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തില്‍ 40ഫ്‌ലാറ്റുകളിലായി 150ഓളം ആളുകള്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലൊന്നാണ് ഈ റസിഡന്‍ഷ്യല്‍ ഏരിയ. അപകടവിവരം അറിഞ്ഞയുടന്‍ തന്നെ താനെ പൊലീസും BNMCയുടെ അഗ്‌നിസുരക്ഷാ സേനയും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

അപകടവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ട പുലര്‍ച്ചെ 3.40ഓടെയായിരുന്നു അപകടം. ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയം ആയത് അപകടത്തിന്റെ ദുരന്തം ഇരട്ടിയാക്കി.