കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രിം കോടതിയിലേക്ക്
വിവാദം കത്തി നില്‍ക്കുന്ന കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ കേരളം സുപ്രീം കോടതിയിലേക്ക്. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍ മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. നിയമോപദേശം അനൂകൂലമായ സാഹചര്യത്തില്‍ മറ്റ് നിയമവശങ്ങള്‍ പരിശോധിച്ച് വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.
കര്‍ഷകരെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് എന്ത് തുടര്‍ നടപടി സ്വീകരിക്കാമെന്ന കാര്യത്തില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്ക്കാരിന് ലഭിച്ച നിയമോപദേശം. ഇന്നത്തെ മന്ത്രിസഭ യോഗം ഇക്കാര്യം പരിഗണിക്കുകയും സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.
ബില്ല് സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്‍ മേലുള്ള കടന്ന് കയറ്റമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. നേരത്തെ കേന്ദ്രം കൊണ്ട് വന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും അടക്കം 8 സംസ്ഥാനങ്ങള്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യസഭ പാസാക്കിയ ബില്ലുകളെയും നിയമപരമായി ചോദ്യം ചെയ്യാനാകും എന്ന നിയമോപദേശവും അനൂകൂലമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.