സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി ; സത്യാവസ്ഥ വെളിപ്പെടുത്തി നടി ജ്യോതികൃഷ്ണ
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി ജ്യോതികൃഷ്ണ. ഇന്‍സ്റ്റഗ്രാം ലൈവിലാണ് താരം സത്യാവസ്ഥ വെളിപ്പെടുത്തിയത്. ലൈവിനിടെ ഭര്‍ത്താവിനെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാനും താരം തയാറായി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരള പോലീസിലും ദുബായ് പോലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും താരം ലൈവില്‍ പറഞ്ഞു.
രാവിലെ മുതല്‍ വാര്‍ത്തകളുടെ സത്യാവസ്ഥ അന്വേഷിച്ച് വിളിക്കുന്നവരുടെയും മെസേജ് അയക്കുന്നവരുടെയും തിരക്കായിരുന്നു എന്നും സുഹൃത്താണ് വാര്‍ത്തയുടെ ലിങ്ക് അയച്ചു തന്നതെന്നും ജ്യോതി പറഞ്ഞു. ലിങ്കിലെ വാര്‍ത്ത കണ്ടപ്പോള്‍ പത്ത് മുന്‍പ് വരെ തന്റെയടുത്ത് കിടന്നയാളെ ഇത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തോ എന്ന് തോന്നിയെന്നും നോക്കിയപ്പോള്‍ അദ്ദേഹം ലിവിംഗ് റൂമില്‍ ഉണ്ടായിരുന്നു എന്നും താരം പറയുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 8ന് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവും നടി രാധികയുടെ സഹോദരനുമായ അരുണ്‍ അറസ്റ്റിലായി എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.
കുറെ കാലം സോഷ്യല്‍ മീഡിയ തന്നെ നല്ല രീതിയില്‍ കൊന്നിട്ടുണ്ടെന്നും ഇപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ടു നിന്നിട്ടും ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണെന്നും ജ്യോതി കൃഷ്ണ പറയുന്നു. ദുബായില്‍ സന്തോഷമായാണ് താനും കുടുംബവും ജീവിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസുമായി തനിക്കോ ഭര്‍ത്താവിനോ യാതൊരു ബന്ധവുമില്ലെന്നും ജ്യോതി വ്യക്തമാക്കി.