സോഷ്യല്‍ മീഡിയ എങ്ങനെ ഉപയോഗിക്കാം? അണികള്‍ക്ക് വായിച്ചു പഠിക്കാന്‍ പുസ്തകവുമായി സിപിഎം
സോഷ്യല്‍ മീഡിയ ഉപയോഗം അണികളെ പഠിപ്പിക്കാന്‍ കൈ പുസ്തകം പുറത്തിറക്കി സിപിഎം. എങ്ങനെ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാം, വാട്‌സാപ് തുടങ്ങുന്നതും ഉപയോഗിക്കുന്നതുമെങ്ങനെ തുടങ്ങിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ചെറിയ കൈപ്പുസ്തകത്തിന്റെ രൂപത്തില്‍ നല്‍കുന്നത്. പ്ലേ സ്റ്റോറില്‍ കയറി ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതു മുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബ്രാഞ്ച് തലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ അവബോധം നല്‍കാനാണ് തീരുമാനം.
വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാന്‍ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സുദേവന്‍ പറയുന്നു. കേരളം സാക്ഷരത കൈവരിച്ചതുപോലെ സോഷ്യല്‍ മീഡിയ രംഗത്ത് സാക്ഷരത കൈവരിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമീപകാലത്ത് ഉയര്‍ന്നുവന്ന നിരവധി വിവാദങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രതിരോധത്തിലാകുന്ന സ്ഥിതി ഉണ്ടായിരുന്നു. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്വന്തം സൈബര്‍ ഇടങ്ങള്‍ സജീവമാകുകയാണ്. അവധാനത ഇല്ലാതെ സൈബര്‍ ലോകത്ത് അണികള്‍ ഇടപെടുന്നത് പാര്‍ട്ടികളെ വെട്ടിലാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയ രംഗത്ത് പുതുവഴികള്‍ തേടാന്‍ സിപിഎം ഒരുങ്ങുന്നത്.