നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
തമിഴ്നാട് കുഞ്ഞരം വില്ലേജ് സ്വദേശിനിയായ ആര്‍ തേന്‍മൊഴി, മലയാളികളായ ടി.എസ്. നിഷ, എം.സുമ, കെ. കുഞ്ഞിമാളു എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. നിഷ എറണാകുളം ജില്ല പെരുമ്പാവൂര്‍ സ്വദേശിനിയും, സുമ കോഴിക്കോട് ജില്ല തിക്കോടി സ്വദേശിനിയും, കുഞ്ഞിമാളു ആലപ്പുഴ ജില്ല കളിയംകുളം സ്വദേശിനിയുമാണ്.
നാലുപേരും ദമ്മാമിലെ ഒരു ക്‌ളീനിങ് മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ തൊഴിലാളികള്‍ ആയി ജോലി നോക്കി വരികയായിരുന്നു.
ആറും ഏഴും വര്‍ഷങ്ങളായി ആ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന ഇവര്‍, ലോക്ക്‌ഡൌണ്‍ വന്നപ്പോള്‍ കമ്പനിയ്ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥ ആയപ്പോള്‍, ജോലി മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിച്ചു കമ്പനിയ്ക്ക് അപേക്ഷ നല്‍കി.
കരാര്‍ കാലാവധിയൊക്കെ പൂര്‍ത്തിയാക്കിയാക്കിയവരെങ്കിലും, കമ്പനി ഇവര്‍ക്ക് എക്‌സിറ്റോ, സര്‍വ്വീസ് ആനുകൂല്യങ്ങളോ, വിമാനടിക്കറ്റോ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നാലുപേരും നവയുഗം കേന്ദ്രകമ്മിറ്റി മെമ്പറും, വനിതാവേദി പ്രസിഡന്റുമായ അനീഷ കലാമിനെ ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ പറഞ്ഞു സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അനീഷ കലാമിന്റെ അഭ്യര്‍ത്ഥനപ്രകാരം നവയുഗം ജീവകാരുണ്യവിഭാഗം ഇവരുടെ കേസ് ഏറ്റെടുക്കുകയും, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന് മുഖ്യചുമതല ഏല്‍പ്പിയ്ക്കുകയും ചെയ്തു.
മഞ്ജുവും, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കമ്പനി അധികാരികളെ നേരിട്ട് കണ്ടു ചര്‍ച്ചകള്‍ നടത്തി.
ആദ്യമൊക്കെ സഹകരിയ്ക്കാന്‍ തയ്യാറായില്ലെങ്കിലും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമപരമായ നടപടികളിലേക്ക് നീങ്ങി കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന ശക്തമായ നിലപാട് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ എടുത്തതോടെ, കമ്പനി അധികൃതര്‍ ഒത്തുതീര്‍പ്പിനു തയ്യാറായി.
അങ്ങനെ നാലുപേരുടെയും സര്‍വ്വീസ് ആനുകൂല്യങ്ങളും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും കമ്പനി അധികൃതര്‍ കൈമാറി.
നവയുഗത്തിന് നന്ദി പറഞ്ഞു, ലോകകേരളസഭയുടെ വിമാനത്തില്‍ നാലുപേരും നാട്ടിലേയ്ക്ക് മടങ്ങി.