വൈപ്പിന്‍ കൊലപാതകത്തിനു പിന്നില്‍ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം
വൈപ്പിനില്‍ കൊലപാതകത്തിന് പിന്നില്‍ മുഖ്യ പ്രതിയുടെ കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം എന്ന് പോലീസ്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ശരത്തിന്റെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവിനു അടുപ്പമുണ്ടായിരുന്നു. ഇതിനെ ചൊല്ലി ആറു മാസം മുന്‍പ് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികള്‍ക്കെതിരെ കാപ ചുമത്തുമെന്ന് ആലുവ റൂറല്‍ എസ്പി കാര്‍ത്തിക് അറിയിച്ചു. ഇവരെ മൂന്നു പേരെയും കൂടാതെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പോലീസ് നിഗമനം. ലഹരി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ പ്രതികള്‍. ഒന്നാം പ്രതിയായ ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ജാമ്യത്തില്‍ കഴിയവെയാണ് പ്രണവിനെ കൊലപ്പെടുത്തിയത്.
ഇന്നലെയാണ് കുഴുപ്പിള്ളി ബീച്ച് റോഡില്‍ മുനമ്പം സ്വദേശി കല്ലുമടത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. പ്രതി തന്റെ കാമുകിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രണവിന് മെസേജ് അയച്ചിരുന്നു. മത്സ്യബന്ധനത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
മൃതദേഹം കണ്ടെടുക്കുമ്പോള്‍ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്കും കൈയ്ക്കും അടിയേറ്റിട്ടുണ്ട്. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു. തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്നും മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച വടിയുടെ കഷണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റിന്റെ കഷണങ്ങളും കണ്ടെത്തിയിരുന്നു.