ലഹരി കേസില്‍ എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല

ലഹരിമരുന്ന് കേസില്‍ എന്തുക്കൊണ്ട് കങ്കണ റണാവതിനെ ചോദ്യം ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ത്തി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ലഹരിമരുന്ന് കേസില്‍ മുന്‍നിര താരങ്ങളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിമര്‍ശിച്ച് നഗ്മ രംഗത്തെത്തിയിരിക്കുന്നത്. വാട്‌സ്ആപ് ചാറ്റുകളുടെ പേരില്‍ നടിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന NCB എന്തുക്കൊണ്ടാണ് കങ്കണയെ ചോദ്യം ചെയ്യാത്തത് എന്നാണ് നഗ്മ ചോദിക്കുന്നത്.

ലഹരി ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കി കങ്കണ പങ്കുവച്ച വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നഗ്മയുടെ വിമര്‍ശനം. ഈ നടപടി സമൂഹത്തില്‍ നടിമാരെ അപമാനിക്കുന്നതാണെന്നും നഗ്മ കൂട്ടിച്ചേര്‍ത്തു. നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ട എന്നിവരെ NCB ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നഗ്മ രംഗത്തെത്തിയിരുന്നു. ദീപിക പദുകോണിനോട് നാളെയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് സമന്‍സ്.

അതേസമയം, കേസില്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നടി റിയാ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിന് 2017ല്‍ അയച്ച വാട്‌സ്ആപ് ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് NCB ദീപിക പദുകോണിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലഹരി ആവശ്യപ്പെട്ട് ദീപിക കരിഷ്മയ്ക്ക് അയച്ച മേസേജുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ 28നുള്ള വാട്‌സ്ആപ് ചാറ്റാണ് ഇത്. ലഹരി ആവശ്യപ്പെട്ട് നടന്ന ഈ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്റിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.