ജോസ് മാണി ഇടതുമുന്നണിയിലേക്ക് , അണികള്‍ക്കിടയില്‍ ഭിന്നത
കേരള കോണ്‍ഗ്രസ് എമ്മിലെ ഗ്രൂപ്പ് വഴക്കില്‍ ജോസ് കെ മാണിക്ക് ഒപ്പം നിന്ന പല നേതാക്കളും ചുവടുമാറ്റുന്നു. ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ചില നേതാക്കളുടെ നിലപാട്. ഇതേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്ന നേതാവും ജോസ് കെ മാണി യുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ആളുമായ മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി ഗ്രൂപ്പ് വിട്ടു.
എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി.
എല്‍ഡിഎഫിലേക്ക് പോകുന്നതില്‍ വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണി പക്ഷം ഇടതു മുന്നണിയുമായി ചേരാന്‍ തീരുമാനി ക്കുമ്പോഴും പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളും അണികളും ഈ തീരുമാനത്തോട് യോജിക്കുന്നില്ല എന്ന് തന്നെയാണ് സൂചനകള്‍. ജോസഫ് എം പുതുശ്ശേരിയെ പോലെ നിരവധി ജോസ് പക്ഷ നേതാക്കള്‍ ജോസഫ് ഗ്രൂപ്പുമായും കോണ്‍ഗ്രസുമായും ആശയവിനിമയം നടത്തിവരികയാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്. വരുംനാളുകളില്‍ കൂടുതല്‍ പേര്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തുവരാനും സാധ്യതയുണ്ട്.
ആര്‍. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വര്‍ഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയില്‍നിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടര്‍ന്ന് 2011ല്‍ സീറ്റ് ലഭിച്ചില്ല. 2016ല്‍ തിരുവല്ലയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, ഇടതുമുന്നണി യില്‍ ചേരുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുകയാണ് ജോസ് കെ മാണി ഗ്രൂപ്പ്. ഇടതുമുന്നണി നേതൃത്വവുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്ന ജോസ് പക്ഷം തദ്ദേശ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്ന പട്ടിക സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തില്‍ നല്‍കിയതായും റിപ്പോര്‍ട്ട് ഉണ്ട്
ജോസഫ് പക്ഷത്തെ എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതും ഇടതുമുന്നണി നിര്‍ദേശപ്രകാരമാണ്. അതുപോലെ അവസരം മുതലാക്കാന്‍ UDF ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇടതുപക്ഷത്തേക്ക് പോകാന്‍ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസും പരിശ്രമിക്കുകയാണ്. ജോസ് വിഭാഗം വിട്ട് യുഡിഎഫില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് മുന്നണി നേതൃത്വം ആവര്‍ത്തിക്കുന്നത്. വരുന്നവര്‍ പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിക്കാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുവരെ ഇതിനായി വാഗ്ദാനം ചെയ്യുന്നുണ്ട്.