കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കി ; KSU നേതാവിനെതിരെ കേസ്
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെയാണ് കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയില്‍ കേസെടുത്തത്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലന്‍ നായരുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസാണ് കേസെടുത്തത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യ പ്രവര്‍ത്തകനെതിരെയും കേസെടുത്തേക്കും.
കെ എം അബി എന്ന പേരില്‍ മറ്റൊരു കെ.എസ്.യു നേതാവിന്റെ വിലാസത്തിലാണ് അഭിജിത്ത് പരിശോധന നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം കാണാനില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പരിശോധനയ്ക്ക് നല്‍കിയ വിലാസത്തില്‍ തന്നെ ക്വറന്റീനിലാണെന്ന് കെ എം അഭിജിത്ത് വ്യക്തമാക്കി.
ഇന്നലെ പോത്തന്‍കോട് പഞ്ചായത്തില്‍ 19 പേര്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. പോത്തന്‍കോട്ടെ വാര്‍ഡായ പ്ലാമൂട്ടില്‍ മൂന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ രണ്ട് പേരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നാമന്‍ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് ഇത് കെ എം അഭിജിത്താണെന്ന് മനസിലായത്.
പേരും വിലാസവും നല്‍കിയത് ഒപ്പമുണ്ടായിരുന്ന ബാഹുല്‍ കൃഷ്ണയായിരുന്നുവെന്നും കെ എം അഭി എന്നുമാത്രം രേഖകളില്‍ വന്നത് ക്ലറിക്കല്‍ മിസ്റ്റേക്കാകാമെന്നുമായിരുന്നു അഭിജിത്ത് പ്രതികരിച്ചത്. സ്വദേശം ആയതുകൊണ്ട് ബാഹുല്‍ ആണ് എല്ലാം ചെയ്തത്. ബാഹുലിന്റേയും ഇപ്പോള്‍ ക്വറന്റീനില്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചുകൊണ്ട് ഇതേ വീട്ടില്‍ കഴിയുകയാണെന്നും എന്നിട്ടും തന്നെ കാണാന്‍ ഇല്ലെന്നും കള്ള മേല്‍വിലാസം നല്‍കിയെന്നും വ്യാജപ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ പടച്ചുവിടുകയാണെന്നും അഭിജിത്ത് ആരോപിച്ചിരുന്നു.
”പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യം കാണും… ഈ സര്‍ക്കാരിലെ ചില വകുപ്പുകള്‍ക്കും കാണും… ഇല്ലാകഥകള്‍ കൊട്ടി ആഘോഷിക്കാന്‍ ചില മാധ്യമങ്ങള്‍ക്കും ഉത്സാഹം ഉണ്ടാകും…. അപ്പോഴും ഓര്‍ക്കേണ്ടത് ഞാന്‍ കോവിഡ് രോഗം പിടിപെട്ട് ചികിത്സയില്‍ ആണ് എന്നത് മാത്രമാണ്…ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. മാനസികമായി കൂടി തകര്‍ക്കരുത്.”- അഭിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.