ബാലഭാസ്‌കറിന്റെ മരണം ; നുണ പരിശോധന തുടങ്ങി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വേണ്ടി സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
ഡൈവര്‍ അര്‍ജുന്റെയും പ്രകാശന്‍ തമ്പിയുടെയും നുണ പരിശോധനയാണ് ആദ്യ ദിവസം നടത്തുക. കൊച്ചിയിലെ സിബിഐ ആസ്ഥാനത്തെ പ്രത്യേക കേന്ദ്രത്തിലാണ് പരിശോധന. രാവിലെ എത്തിയ അര്‍ജുന്റെ പരിശോധന ആരംഭിച്ചു. അപകട സമയത്തു വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നെന്നാണ് അര്‍ജുന്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ബാലഭാസ്‌കറിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുക.
മാനേജര്‍മാരായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും കേസില്‍ നിര്‍ണ്ണായകമാണ്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ഇരുവരും ബന്ധപ്പെട്ടതോടെയാണ് കേസ് മറ്റൊരു വഴിയിലേക്ക് തിരിഞ്ഞത്. രണ്ടുപേരുമായി ബാലഭാസ്‌കറിന്റെ പണമിടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കണക്കുകള്‍ക്കപ്പുറം ഏതെങ്കിലും രീതിയില്‍ ഇവര്‍ ബാലഭാസ്‌കറിനെ ഉപയോഗിച്ചിരുന്നോയെന്നാകും സിബിഐ പരിശോധിക്കുക.
അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പറഞ്ഞ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ എന്ത് അടിസ്ഥാനത്തിലാണെന്നാണ് സിബിഐയുടെ അന്വേഷണം. അതുകൊണ്ട് കേസില്‍ ഇപ്പോഴത്തെ നുണ പരിശോധനാഫലങ്ങള്‍ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ആഴ്ചയാണ് നാലുപേരും തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരായി പരിശോധനയ്ക്ക് സമ്മതിച്ചത്.
ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണെന്ന കുടുംബാംഗങ്ങളുടെ ആരോപണമാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു നേരത്തെയുളള ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ചെന്നൈയിലെയും ഡല്‍ഹിയിലേയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുളള വിദഗ്ധര്‍ നുണ പരിശോധനയ്ക്കായി കൊച്ചിയില്‍ എത്തിയിട്ടുണ്ട്.